പുസ്തകതാളിലെ പ്രണയം By അർജുൻ രാജ്
കോടമഞ്ഞ് മൂടിക്കിടക്കുന്ന മലയോര ഗ്രാമത്തിലെ പഴയ വായനശാലയുടെ വരാന്തയിലായിരുന്നു ഹരി ആദ്യമായി ഭാമയെ കാണുന്നത്. കൈയിൽ കുറച്ച് പുസ്തകങ്ങളും പിടിച്ച്, തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ.
നഗരത്തിലെ കോളേജ് പഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഹരി. ശാന്തമായ ആ ഗ്രാമത്തിലേക്ക് ഭാമ കടന്നുവന്നത് ഒരു കുഞ്ഞു കാറ്റുപോലെയായിരുന്നു. അധികം സംസാരിക്കാത്ത, എന്നാൽ കണ്ണുകളിൽ ആയിരം കഥകൾ ഒളിപ്പിച്ചുവച്ച പെൺകുട്ടി.
വായനശാലയിലെ പഴയ പുസ്തകങ്ങളായിരുന്നു അവരെ അടുപ്പിച്ചത്. രണ്ടുപേർക്കും വായിക്കാൻ ഒരേ തരം പുസ്തകങ്ങളോടായിരുന്നു പ്രിയം.
ഒരു ദിവസം, എം.ടിയുടെ ‘രണ്ടാംമൂഴം’ എന്ന പുസ്തകം മേശപ്പുറത്തിരിക്കുന്നത് കണ്ട് ഹരി എടുത്തു. അതിനുള്ളിൽ മനോഹരമായി വരച്ച ഒരു തുമ്പപ്പൂവിന്റെ ചിത്രവും അതിന് താഴെ ഒരുവരിയും കുറിച്ചിട്ടുമുണ്ടായിരുന്നു.
‘ചില മനുഷ്യരുണ്ട്… എത്ര ദൂരെയാണെങ്കിലും നമ്മുടെ ഉള്ളിലെവിടെയോ ഒരു നിലാവുപോലെ കത്തിനിൽക്കുന്നവർ.’
താഴെ ‘ഭാമ’ എന്ന് എഴുതി ഒപ്പിട്ടിട്ടുണ്ടായിരുന്നു.
ആ താൾ അവൻ ഏറെ നേരം നോക്കിനിന്നു. ശേഷം പോക്കറ്റിൽനിന്ന് ഒരു പേനയെടുത്ത് ആ വരികൾക്ക് താഴെ മറ്റ് ഒരു വരി എഴുതിച്ചേർത്തു.
‘ആ നിലാവിനെ ഒരു ആയുസ്സ് മുഴുവൻ നെഞ്ചോട് ചേർത്തുപിടിക്കാൻ ആഗ്രഹിച്ചാൽ… അത് തെറ്റാണോ..?’
പിന്നീട് ആ പുസ്തകം അവരുടെ പ്രണയത്തിന്റെ ദൂതനായി മാറി. വാക്കുകൾകൊണ്ട് പരസ്പരം സംസാരിക്കുന്നതിനേക്കാൾ കൂടുതൽ അവർ പുസ്തകത്താളുകളിലൂടെ സംസാരിച്ചു. ആരും കാണാതെ, വായനശാലയിലെ അലമാരയിൽ ആ പുസ്തകം മറയുമ്പോൾ അവരുടെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. പക്ഷേ, ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു.
ഗ്രാമത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭാമയുടെ അച്ഛന് പെട്ടെന്ന് ദൂരെയൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ കിട്ടി.
പോകുന്നതിന്റെ തലേന്ന്, കനത്ത മഴയുള്ള ഒരു സന്ധ്യയിൽ ഭാമ വായനശാലയുടെ വരാന്തയിൽ ഹരിയെ കാത്തുനിന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഹരിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. നെഞ്ചിലൊരു വലിയ കല്ല് കയറ്റിവച്ചതുപോലെ ഒരു ഭാരം.
“ഹരിയേട്ടാ… ഞാൻ പോകുകയാണ്. തിരികെ വരുമോ എന്ന് അറിയില്ല.”
വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
“എവിടെ പോയാലും… ഈ ഗ്രാമവും, ഈ വായനശാലയും, നിന്നെ കാത്തിരിക്കുന്ന ഒരാളും ഇവിടെയുണ്ടാകും.”
ഹരി അവളുടെ കൈയിലേക്ക് ഒരു ചുവന്ന കവറുള്ള ഡയറി കൊടുത്തുകൊണ്ട് പറഞ്ഞു.
“ഇതിൽ ഞാൻ നിനക്കായി തുന്നിചേർത്ത വരികളുണ്ട്. നിനക്ക് എന്നെ ഓർമവരുമ്പോൾ മാത്രം ഇതൊന്ന് തുറന്നു നോക്കുക.”
അവൾ ആ ഡയറി നെഞ്ചോട് ചേർത്തുപിടിച്ച്, കണ്ണിരോടെ ആ മഴയത്തേക്ക് ഇറങ്ങിപ്പോയി.
അവൾ പോകുന്നതും നോക്കി അവൻ വേദനയോടെനിന്നും.
വർഷങ്ങൾ കടന്നുപോയി. ഹരി ആ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ അധ്യാപകനായി ജോലി ചെയുന്നു.
അവന്റെ വൈകുന്നേരങ്ങൾ ഇപ്പോഴും ആ പഴയ വായനശാലയുടെ വരാന്തയിൽത്തന്നെയായിരുന്നു. ഭാമ പിന്നീട് ഒരിക്കലും കത്തുകളോ സന്ദേശങ്ങളോ അയച്ചില്ല.
എങ്കിലും അവൻ കാത്തിരുന്നു.
വീണ്ടുമൊരു തുലാമഴക്കാലമെത്തി,
അന്ന് വായനശാല അടച്ച് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വരാന്തയിൽ ഒരു നിഴൽ അവൻ കണ്ടത്. ഒരു കൈയിൽ കുടയും, മറുകൈയിൽ അൽപം മങ്ങിയ പഴയ ചുവന്ന ഡയറിയുമായി ഒരാൾ നിൽക്കുന്നു.
ഹരിയുടെ കാൽപാടുകൾ അവിടെത്തന്നെ ഉറച്ചുപോയി!.
ഭാമ… ആ പഴയ പെൺകുട്ടി തന്നെയെന്നു വിശ്വസിക്കാൻ കഴിയാത്തവിധം മാറിക്കഴിഞ്ഞിരുന്നു. പക്ഷെ, അവളുടെ കണ്ണുകളിലെ ആ പഴയ ആർദ്രതക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല.
അവൾ നടന്ന് അവന്റെ ആരുകിലേക്ക് വന്നു. വിറയ്ക്കുന്ന കൈകളോടെ ആ ചുവന്ന ഡയറിയുടെ അവസാന താൾ തുറന്ന് അവന്റെ മുന്നിൽ കാണിച്ചു.
ഹരി പണ്ട് എഴുതിയ വരികൾക്ക് താഴെ, മനോഹരമായ കൈപ്പടയിൽ അവൾ പുതിയൊരു വരി എഴുതിയിരുന്നു.
‘ഈ ഡയറിയിലെ ഓരോ താളും വായിച്ചുതീർക്കാൻ എനിക്ക് അഞ്ച് വർഷം വേണ്ടിവന്നു ഹരിയേട്ടാ… കാരണം, ഇതിലെ ഓരോ വരിയിലും നിങ്ങളെന്നെ അത്രമേൽ സ്നേഹിച്ചിരുന്നു. ആ സ്നേഹത്തിലേക്ക് തിരികെ വരാൻ വൈകിയതിന് എന്നോട് ക്ഷമിക്കുക.’
ഹരി ഒന്നും സംസാരിച്ചില്ല. അത്രയും കാലം ഉള്ളിലൊതുക്കിയ വിതുമ്പലോടെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു. ശേഷം അവളെ അവന്റെ മാറോടുചേർത്തുപിടിച്ചു.
പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു, ആ മഴയിൽ മനോഹരമായ ഒരു പ്രണയവസന്തം അവർക്കായി പൂക്കുകയായിരുന്നു…
