കണ്ണോക്ക് Story by ആതിര രുദ്രൻ

കണ്ണോക്ക് Story by ആതിര രുദ്രൻ PEN by AurA.

കണ്ണോക്ക് Story by ആതിര രുദ്രൻ

ശിവരഞ്ജൻ മരിച്ചു. കള്ളുകുടി കൂടിയതാണ്. നല്ല പനിയായിരുന്നു തലേന്നാൾ. തനിച്ചാണ് ആശുപത്രിയിൽ പോയത്. അവിടെ കിടന്ന് തന്നെ മരിക്കുകയും ചെയ്തു. വീട്ടിലേക്ക് വിളിച്ചറിയിച്ചത് കൂട്ടുകാരിലാരോ ആണ്. മൂത്തമോള് വരാൻ കാത്ത് ഒരു ദിവസം കിടത്തി. ബാംഗ്ളൂർ ആണ് ആ കൊച്ച് പഠിക്കുന്നത്. അറിയിച്ച് പിടിച്ച് വന്നപ്പഴേക്കും നേരം രാത്രിയായി. എത്ര പെട്ടെന്നാണ് അയാൾ മരിച്ചത്? ഒരു തരത്തിൽ ഇതൊരു ആത്മഹത്യയാണ്. അയാള് പോലും അറിയാതെ സംഭവിച്ചുപോയ ഒന്ന്.

“പെണ്ണേ കുളിച്ച് കഴിഞ്ഞില്ലേ? നേരം ഒത്തിരിയായല്ലോ കേറിട്ട്?”

കൈയിൽപ്പിടിക്കാൻ തികയാത്ത സോപ്പിന്റെ കഷ്ണം പെട്ടെന്ന് തേച്ച്, വെള്ളം കോരിയൊഴിച്ച് പുറത്തേക്കിറങ്ങി. മരണ വീട്ടിൽനിന്ന് വന്നാൽ കുളിക്കണം. മേത്ത് കേറിയ വായുവിലെ എല്ലാ അണുക്കളെയും കൊല്ലുമ്പോലെ കുളിക്കണം. ഇതുപോലുള്ള അവസരങ്ങളിൽ മാത്രം കാണുന്ന ബന്ധുമിത്രാതികളുടെ കണ്ണേറെല്ലാം തേച്ചുരച്ചു കുളിച്ച് കളയണം. കരിമ്പനടിക്കാൻ തുടങ്ങിയ വെള്ള തോർത്ത് ചുരുട്ടി പിടിച്ചത് കണ്ണിൽ പെട്ടതിൻറെ തുറിച്ച് നോട്ടത്തിൽ കുളിമുറി വാതിക്കൽ ഒരു ചിരി വരുത്തി ഇത്തിരിനേരംനിന്ന് അടുത്ത വഴക്കിനു പിടികൊടുക്കാതെ ഒറ്റ ഓട്ടം.

“അടക്കം കഴിഞ്ഞാരൊക്കെ ഒണ്ടാരുന്നു അങ്ങ്?”

“അങ്ങേരുടെ വീട്ടീന്ന് ആരേം കണ്ടില്ല. ഭാനുമതീം പിന്നവരടെ മോളും ഇന്ന് പോകുന്നില്ലെന്ന് പറഞ്ഞു.”

“കമല നിന്നോട് വല്ലോം മിണ്ടിയോ?”

“ഓ ഇല്ല. ആട്ടീം ശോഭ ചേച്ചീം ചോദിച്ച് അമ്മ എന്ത്യേന്ന്?”

“നീ എന്തോ പറഞ്ഞു?”

“വയ്യാതിരിക്കുവാന്ന്.”

“ഭർത്താവ് മരിച്ചെങ്കിലെന്താ അതിനിടേൽ കീറ്റും കിരിപ്പും ചോദിക്കാൻ മറക്കൂല്ല. പിള്ളേരോ?”

“മൂത്ത കൊച്ചിന് വല്യ ഭാവമാറ്റൊന്നും കണ്ടില്ല, എന്നോട് വന്ന് മിണ്ടുവൊക്കെ ചെയ്തു. ഇളയതിനെ എങ്ങും കണ്ടില്ല. അറിഞ്ഞപ്പോ തൊട്ട് അത് കരച്ചിലാരുന്നൂന്ന് വല്യമ്മ പറയുന്ന കേട്ടു.”

“ആ അതിനാരുന്നു അല്ലേലും അവനോടിച്ചിരി സ്നേഹം ഒണ്ടാരുന്നത്. നിനക്ക് ഇന്നവിടങ്ങ് നിന്നിട്ട് നാളെ വന്നാപ്പോരാരുന്നോ?”

“ഞാൻ നിന്നിട്ടെന്തിനാ? അമ്മക്കറിയണ്ട കാര്യങ്ങളൊന്നും അന്വേഷിച്ച് കണ്ടുപിടിച്ച് വരാനുള്ള കഴിവെനിക്കില്ല. അതുമാത്രോം അല്ല, എനിക്ക് പണി ഒത്തിരി ബാക്കിയാ തീർക്കാൻ.

“ഓ നീ പറയണ്ട. ഞാനക്കേ വിളിച്ചോളാം.”

അയാളൊരിക്കലും ഇപ്പൊ മരിക്കണ്ടവനായിരുന്നില്ല. പ്രായം നാൽപ്പത്തഞ്ച് തികഞ്ഞിട്ടില്ല. അവരുടെ കല്യാണ സൽക്കാരത്തിനാണ് ആദ്യമായി വട്ട പ്ലേറ്റിൻ്റെ വലുപ്പമുള്ള വിശപ്പം കാണുന്നത്. ഒന്ന് മുഴുവൻ തിന്ന് തീർക്കുന്ന പ്രായം തനിക്കുന്നില്ലായിരുന്നു. ചേച്ചി അന്ന് ഇന്നത്തെ എന്നെപ്പോലെ മെലിഞ്ഞിരുന്നു. ആയാളും അതെ. കട്ടി മീശ വൃത്തിക്ക് വെട്ടിയിരുന്നു. മേൽച്ചുണ്ടിനെ പാതി മറച്ച്, ചിരിച്ചോ എന്നറിയാൻ പറ്റാത്ത പാകത്തിന് ഇറക്കമുണ്ടായിരുന്നു അതിന്. പുതിയ ചേട്ടൻ വന്നതിൻറെ ആകാംഷ അന്നുണ്ടായിരുന്നോ? ആ ഓർമയില്ല. പിന്നയാളെ വർഷങ്ങൾക്ക് ശേഷമാണ് കണ്ടത്. അപ്പഴേക്കും ഞാൻ വളർന്ന് മെലിഞ്ഞു. ചേച്ചി

തടിച്ചു. അയാളുടെ മീശക്ക് കനവും നീളവും വച്ചു. പിള്ളേരുണ്ടായി. മിണ്ടാതെയായി. അയാൾ മിണ്ടി തുടങ്ങുകയും. അച്ഛൻ മരിച്ചേൽ പിന്നയാൾ രാജ്യം വിട്ട് പോയിട്ടില്ല. അമ്മ മരിച്ചത് കാണാൻ അയാളുണ്ടായിരുന്നില്ല. ചന്ദന മുട്ടിലാണ് ദഹിപ്പിച്ചത്. അത് ചേച്ചിയോടുള്ള പ്രതികാരമായിരുന്നു. മരിച്ച ശവത്തിനെ ആരോടും പറയാതെ ഒരു രാവ് പുലരുന്നത് വരെ കിടത്തിയതിന്റെ, ചുണ്ട് തൊട്ട് നനയ്ക്കാഞ്ഞതിൻ്റെ പ്രതികാരം. അന്ന് ആയമ്മയുടെ കണ്ണോക്കിന് വന്നുപോയ പെണ്ണുങ്ങളെല്ലാം ചേച്ചിയെ ഒന്ന് നോക്കുന്നതായി പോലും കണ്ടില്ല. പ്രേതങ്ങളെ പേടിച്ചിരുന്ന കഥകളിലെ ആണി തറയ്ക്കാൻ വരുന്ന ദൈവപുത്രന്മാരുടെ രൂപമായിരുന്നു കണ്ണനും കേശുവും അന്ന് ചേച്ചിക്ക് കൊടുത്തിരുന്നത്. മരണം ഏതൊക്കെ തരത്തിലാണ് വിഷയമാക്കപ്പെടുന്നത്? മരിച്ച് കഴിഞ്ഞവരുടെ ബാക്കിയിൽ ജീവിച്ചിരിക്കുന്നവർ അതിലും വല്യ വിഷയം.

ആദ്യമാദ്യം അവരുടെ കരച്ചിലിൻ്റെ ശബ്ദതീവ്രത, പിന്നവരുടെ വിശപ്പ്, അതും കഴിഞ്ഞ് അവരുടെ ചിരി, അവരുടുക്കുന്ന തുണി, അവര് പോകുന്ന പകൽ, അവരുടെ ഉറക്കം. അടുത്തൊരു വ്യാഴവട്ടം വരെ (മറ്റൊരു മരണം വരെ) മരിച്ചവരെ വിട്ട് വർത്തമാനങ്ങൾ ജീവിച്ചിരിക്കുന്നവരിലേക്കാവുന്നു. മേല്പറഞ്ഞതിലെ സമൂഹം കണ്ടുപിടിക്കുന്ന അസ്വാഭാവികതകൾ ഒരു പെണ്ണെന്ന നിലക്ക് കണ്ടെത്തപ്പെടുന്നതും ആണെന്ന നിലയ്ക്ക് കണ്ടെത്തപ്പെടുന്നതും ആലോചിച്ചാൽ രസമാണ്. വാവിട്ട് കരയാത്ത, തുടർന്ന് ജീവിക്കാൻ കാല് വെച്ച് നടന്ന് തുടങ്ങുന്ന, തോളിലവശേഷിക്കപ്പെട്ട ഭാരം താങ്ങാനാവാതെ ഓടിയിറക്കി വെക്കാൻ നോക്കുന്ന മരിച്ചവന്റെ ജീവിച്ചിരിക്കുന്ന പെണ്ണ് രാത്രി ഉറങ്ങരുത്, പകൽ കാണരുത്, നല്ല ഉടുപ്പിടരുത്, ചിരിക്കരുത്! നേരെ മറിച്ച് മരിച്ച പെണ്ണിന്റെ ജീവിച്ചിരിക്കുന്ന ആണ് കരയരുത്, ചടഞ്ഞിരിക്കരുത്, ഒറ്റക്കാവരുത്.

ജീവിച്ചിരിക്കെ തന്നെ മരിച്ച് പോകുന്ന മനുഷ്യരാണെല്ലാവരും. ചിലർ സ്നേഹം കൊണ്ട്, ചിലരിതുപോലെ കണക്കുകളൊന്നും ഇല്ലാതെ, ആൾക്കൂട്ടങ്ങളിൽ ഒറ്റക്കായി, ബന്ധത്തിൻ്റെ ബന്ധനങ്ങളിൽപ്പെട്ട് അങ്ങനെ അങ്ങനെ… കുറച്ച് നാളത്തേക്കുള്ള ഉറക്കത്തിൻ്റെ കടന്നു കളയലിനെ ഇനി ഈ മരണക്കണക്കിൽ പെടുത്താം. ആ കടം കൂടി അത് വഹിക്കട്ടെ.

താഴെ ചെന്നപ്പോൾ അച്ഛനും അമ്മയും ചർച്ചയിലാണ്. അമ്മയ്ക്കൊന്ന് പോയി കണ്ട് അനുശോചനം അറിയിക്കണം.

“നാളെ പൊക്കൂടെ നിനക്ക്? എന്നിട്ട് മറ്റന്നാ തിരിച്ച് വാ.”

“അത് പറ്റത്തില്ല. ശനിയാഴ്ച്ച മരിച്ച വീട്ടിൽ പോവത്തില്ല പോലും.”

“എന്നാരു പറഞ്ഞു?”

“ദേ അമ്മ, ഞാൻ പോയി വന്നപ്പഴേ പറഞ്ഞതാ നാളെയെങ്ങാനും പോയിട്ട് വരാൻ. ഒത്തിരി ആൾക്കാരൊന്നും വരുന്നതും പോന്നുമില്ല. ഉച്ചക്ക് ചോറുണ്ണാൻ പോലും നമ്മള് കൊറച്ച്പേരെ ഉണ്ടാരുന്നുള്ളൂ.”

“ഓ എന്നാലും ശനിയാഴ്ച പോവുന്നില്ല.’

“അപ്പൊ ശനിയാഴ്ച ആരേലും മരിച്ചാ നിങ്ങളെന്തോ ചെയ്യും?”

ന്യായമായ സംശയം അറിയാതെ നാവ് വിട്ട് വന്നതാണ് പുറത്തേക്ക്. വിവരമറിഞ്ഞ ശേഷം വരുന്ന ഫോൺ കോളുകളിൽ കേട്ട് കേട്ട് തലപെരുത്ത ലോജിക്കില്ലാത്ത ഇത്തരം കണ്ടുപിടിത്തങ്ങളിൽ തികട്ടി വന്നവ ഒറ്റ ചോദ്യമായി പുറത്ത് ചാടിയതാണ്. പിന്നെയും അമ്മ വക ഒരു തുറിച്ച് നോട്ടം. ഞാനൊന്നും പറഞ്ഞില്ലേ എന്ന് ഭാവിച്ച് ഒരിരിപ്പ്. ചർച്ച വീണ്ടും തുടർന്നു. പിറ്റേന്ന് പോവാമെന്നായി. ഞാനും ഒപ്പം ചെല്ലണം. ശനിയാഴ്‌ച വീട്ടിൽ കേറുന്നില്ലെന്നുള്ള തീരുമാനവും.

ചെന്നിറങ്ങിയപ്പഴേ കെട്ടിയ ഒറ്റ ടാർപ്പായും നാലോ ആറോ മുളങ്കമ്പുകളും ഇളക്കി മാറ്റുന്ന പണിക്കാരെയാണ് കണ്ടത്. മൂത്തകൊച്ച് ഇറങ്ങി വന്ന് കാശുകൊടുത്ത് കേറി പോയി. ഞങ്ങളെ കണ്ടോ എന്തോ?!

കണ്ടാലും കുറച്ച് വർഷങ്ങളായി കണ്ടില്ലെന്നേ നടിക്കാറുള്ളൂ.

“അല്ലക്കേ സഞ്ചാന്യം ഒന്നും ഇല്ലിയോ?”

ഇതും കണ്ട് കേറിച്ചെന്നവഴി അമ്മ സംശയങ്ങളുടെ കെട്ടഴിച്ചു.

“ഒണ്ടെടി, മറ്റന്നാളെങ്ങാണ്ടാണ്. അത് നടത്താതിരിക്കാനൊക്കുവോ?”

“പിന്നീ പന്തലൊക്കെ ഇന്നേ അഴിച്ചോണ്ട് പോയതോ?”

“വാടക കൊടുക്കാൻ കഴിയേലാത്തോണ്ടാവും. അവളുമാരോക്കെ കാശ് ഇട്ട് അവനുവേണ്ടി വല്ലോം

ചെയ്യുവോ? നീ കേറിയേച്ച് വരുന്നോ അങ്ങോട്ട്?”

“ഓ ഇന്നില്ല നാളെ പോവാം. ഇന്നിനി ശനിയാഴ്ചയായിട്ട്…”

“ആ ഇന്ന് അല്ലേലും ആരും വന്ന് കണ്ടില്ല.”

വർത്തമാനം വന്ന സാരി പോലും മാറാതെ നീണ്ട് പോയി. കുറച്ച് നേരം കേട്ടിരുന്നു. പിന്നെ മരണത്തിൽ നാളെ വിഷയമാകേണ്ടുന്ന എന്നെയുൾപ്പടെ ഓർത്തപ്പോൾ എഴുന്നേറ്റ് മുറിയിലേക്ക് പോന്നു.

ഈ മനുഷ്യന്റെ എല്ലാത്തിനും ഉണ്ടായിരുന്നത് അയാളുടെ കൂട്ടുകാരായിരുന്നു. കിടത്തി കൊണ്ടുവന്ന സ്ട്രെച്ചറിൽ മുഖം മറയും വിധം അയാളുടെ വയറും നെഞ്ചും വീർത്തിരുന്നു. അപ്പോഴും പതിവ് പോലെ ചുണ്ട് മറഞ്ഞ് മീശ കിടന്നു. അന്നയാൾ പക്ഷെ പിരിച്ചിട്ടില്ലെന്ന് ഉറപ്പാണ്. കാരണം അയാൾക്ക് ജീവിച്ച് മതിയായതായി ഒരിക്കലും തോന്നിയിട്ടില്ല. ഉറക്കെ സംസാരിക്കുമ്പോൾ, അതിനൊപ്പം ഘോര ഘോരം ചിരിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൻറെ പുറകിൽ “എനിക്ക് ജീവിക്കണമെടാ, അതിനു ഞാൻ എന്തും ചെയ്യും” എന്നയാളുടെ നിഴൽ ഗർജ്ജിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്.

ജീവിക്കാൻ അയാൾ എന്തും ചെയ്തിരുന്നു. പണം വീടായും, സ്വർണ്ണമായും, സ്‌ഥലമായും വാരിക്കൂട്ടിയിരുന്നു. അതിൻറെ ബാക്കിയിൽ മൂക്കുമുട്ടെ കുടിയും. യഥാർത്ഥത്തിൽ എന്താണ് ഇവർക്കിടയിൽ എന്നറിയില്ല. ശോഭ ചേച്ചി ആദ്യ ദിവസം കരഞ്ഞിരുന്നില്ല. അവരുടെ മുഖത്ത് കണ്ടതിനെ എങ്ങനെയാണ് വിവരിക്കുക? അഞ്ചാറ് മാസങ്ങളായി മറുപടി നൽകാതെ വിട്ട അയാളുടെ മിസ്സ്ഡ് കോളുകളുടെ എണ്ണത്തെ അവരോർക്കുന്നുണ്ടാവുമോ? അതോ ഒടുക്കത്തിൽ അയാൾ വന്ന് ചോദിച്ചപ്പോൾ ഊരിയെറിഞ്ഞതിൽ പൊട്ടിയ താലിയുടെ കണ്ണി തെറിച്ച് വീണതെവിടെയെന്ന ആലോചനിയിലാവുമോ? അയാൾ മരിക്കുമെന്ന് അയാളെ പോലെ ഒരുപക്ഷെ അവരും കരുതിയിരുന്നിരിക്കില്ല.

ആലോചന കൂടിയതിന്റെ ആലസ്യത്തിലും മറ്റും ഉറങ്ങിപ്പോയത് ഓർമ്മയില്ല. രാവിലെ അമ്മ കതകിൽ തുടരെ തുടരെ തട്ടിയതിലാണ് ഉണരുന്നത്. തണുത്ത പഴങ്കഞ്ഞിയുടെ മോരൊഴിച്ച വെള്ളം ഇറങ്ങിപ്പോകുന്ന ഉള്ളിലെ വഴി കണ്ടുപിടിച്ചാസ്വദിക്കാൻ പോലും വക നൽകാതെ അമ്മ കണ്ണോക്കിന് കൂട്ടിക്കൊണ്ട് പോയി. അച്ഛൻ വടക്കും അമ്മ തെക്കും ആയതിൻറെ എല്ലാ വകതിരിവില്ലായ്മയും തന്റെ ഭാഷയിലുണ്ട്. രാവിലെ അച്ഛനെ വിളിച്ച് സംസാരിച്ചതിൽ രണ്ടുപേരും പിന്നെയും നാട്ടുവിശ്വാസപ്രമാണങ്ങളുടെ പേരിൽ കേരളത്തെ രണ്ടായി വിഭജിച്ചു. കണ്ണോക്ക് ബുധനാഴ്ചയാണെന്ന് ഒരാളും ശനിയാഴ്ചയാണെന്ന് മറ്റെയാളും. ഒടുക്കം വന്നുപോയില്ലേ ഇനി ഇന്നങ്ങ് പോവാം എന്ന തീരുമാനത്തിൽ മരണ വീടും മനുഷ്യരെയും കാണാം എന്നായി.

മരിച്ച മനുഷ്യരുടെയും ബാക്കിയായവരുടെയും കാഴ്ചക്കാരിയാവാൻ അന്നും ഇന്നും ഭയമാണ്. ഒന്നും പറയാൻ കിട്ടാതെ വാക്കുകൾ ഉള്ളിൽ ശവദാഹം നടത്തുന്ന പോലൊരു ഭയം. മരണവീട് സന്ദർശനം പോലൊരു ബുദ്ധിമുട്ടേറിയ ഏർപ്പാട് മറ്റൊന്നിനും ഇല്ല. ആരെയും ശ്രദ്ധിക്കാനോ സമാശ്വസിപ്പിക്കാനോ അറിയാത്ത തന്നെപ്പോലുള്ളവർക്ക് ആ ഒരു സാഹചര്യവും ചുറ്റുപാടും മറ്റൊരു മരണം തന്നെയാണ്. നേരത്തെ പറഞ്ഞ ജീവിച്ചിരിക്കെ മരിച്ചുപോകുന്നതിൻറെ കൂട്ടത്തിൽത്തന്നെ പെടുത്താം ഇതും.

അമ്മ ശോഭ ചേച്ചിയുടെ അടുത്താണ് ഇരിക്കുന്നത്. അവർ കഴുത്തിലെ മാലയും കൈവിരലുകളിൽ എണ്ണമെടുത്തും എന്തെല്ലാമോ പറയുന്നു. പാതി കള്ളം, പാതി സത്യം. മരിച്ചവനേ ഇവിടെ അവശേഷിക്കുന്നതിൽ നന്മയും തിന്മയും നിനക്ക് തന്നെ. അമ്മ അവരെ മുഴുവനായും നോക്കിക്കാണുമോ? ആ സ്ത്രീയുടെ കണ്ണുകൾക്ക് ഇന്നലത്തേതിനേക്കാൾ ക്ഷീണം പിടിച്ചിരുന്നു. മുൻപിങ്ങനെ കണ്ടത് ചേട്ടത്തിയെ ആണ്. അന്ന് കണ്ണോക്കിന് അവരുടെ വീട്ടിൽ പോവേണ്ടി വന്നു തനിക്ക്. അടക്കത്തിനെത്താൻ കഴിഞ്ഞില്ല. അല്ലെങ്കിലും ഏട്ടനെ അങ്ങനെ കാണാൻ പറ്റുമായിരുന്നില്ല. അന്ന് ചേട്ടത്തി ഒറ്റ നോട്ടമേ നോക്കിയിരുന്നുള്ളു. അതിൽ ഇരമ്പിയ തിറയാഞ്ഞടിക്കാത്ത കടലിൻറെ ആഴം ഭീകരമായിരുന്നു. അവരന്ന് നോക്കിയ ഒറ്റ നോട്ടത്തിൽ പറഞ്ഞ് തീർത്ത പരിഭവങ്ങളിൽ ഞങ്ങളിന്നും കടക്കാരായി തന്നെ തുടരുകയാണ്.

ശുഭ ചേച്ചി അമ്മക്ക് ചായ കൊണ്ട് കൊടുത്തു. അമ്മ ചിരിച്ചുകൊണ്ടത് നിരസിച്ചു. പെൺകുട്ടികൾ രണ്ടുപേരും പതിവിലും കാര്യമായി അമ്മയോട് സംസാരിച്ചു. സഞ്ചാന്യത്തിന് ക്ഷണിച്ചു. ഇറങ്ങുന്ന വഴി ശോഭചേച്ചിയുടെ കയ്യിലൊന്ന് പിടിച്ചു. അന്നേരം മാത്രം അവരുടെ കണ്ണുകൾ തിളങ്ങി. തലയൊന്ന് അനങ്ങി. ആ അനക്കത്തിൽ മുറുക്കമില്ലാതെ കെട്ടിയ അവരുടെ മുടി അഴിഞ്ഞു തോളിനിരുവശവും വീണു. ഒരേ സമയം അവരിൽ ഒച്ചയില്ലാതെ കരയുന്ന പോലെ കണ്ണുകളും സ്വാതന്ത്രയാക്കപ്പെട്ടവളുടെ ചിരി നൽകി ചുണ്ടുകളും പ്രവർത്തിച്ചു.

അയാളുടെ അടഞ്ഞ കണ്ണിന് പിറകിലെ കാഴ്ചയെ ഇവർ കണ്ട് കാണുമോ? മരിച്ച മനുഷ്യൻറെ കാഴ്ചകളിൽ എത്ര കണ്ണോക്കുകൾ സംഭവിക്കുന്നുണ്ടാവും? അന്നേരം അയാൾ സംവദിക്കുന്ന ഭാഷകളിൽ ഒന്നെങ്കിലും ആർക്കെങ്കിലും തിരിയുന്നതാവുമോ? ആ വീട് തേടി അപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി. എൻ്റെ കണ്ണെത്തിയ അവസാനയിടത്തിൽ അയാൾ വീണ്ടും ഒന്ന് കണ്ണ് തുറന്നടച്ചു. ആ സ്ത്രീ അടുത്തയാളുകൾക്ക് കാണാൻ വേണ്ടി മാത്രം കണ്ണിലെ വെള്ളം കളഞ്ഞു പോകാതെ പതുപതുത്ത തുണികൊണ്ട് കഴുകിയ മുഖം ഒപ്പിയെടുത്തു.


Leave a Comment

Your email address will not be published. Required fields are marked *