അതേ കടൽ Poem by ആതിര. ആർ

അതേ കടൽ Poem by ആതിര. ആർ

അതേ കടൽ Poem by ആതിര. ആർ

ഉള്ളിലെ കടല് വറ്റി
ഉപ്പുപാത്രം പോലാകുമ്പോൾ
ഉടുതുണിയില്ലാതെ ‘ഉപ്പട്ടിക്കിടയിലേക്കിറങ്ങി പോകുന്നൊരുവളെക്കുറിച്ച്
ഒരു കഥയുണ്ട്
പച്ചയിലകളിലേക്കവളുപ്പ് കുടയുന്നേരം
പാതിയിലേറെയും ആകാശത്തേക്ക് തെറിച്ച് നക്ഷത്രമാവും

തെറിച്ച് നിൽക്കുന്ന
രണ്ട് നക്ഷത്രമെടുത്ത് കൊണ്ടകെട്ടിയ മുടിയിൽ തിരുകി വെക്കും
എന്തിനാണ് പാതിരാവിലിങ്ങനെ
ഇറങ്ങിനടക്കുന്നതെന്ന് ചോദിച്ച്
തോട്ടിൻ കരയിലെ മാളത്തിൽ നിന്ന്
തീട്ടഞെണ്ടുകൾ സദാചാരം ചമയുമ്പോൾ
കണ്ണിലെ കോട്ടിമണികൾ ഉരുട്ടിയുരുട്ടി
അവള് പേടിപ്പിക്കും

ഉപ്പട്ടിക്കിടയിലെ മുള്ളെടുത്ത്
അവള് മൂക്കുത്തിയിടുമ്പോൾ
പറന്ന് വന്നൊരു മിന്നാമിനുങ്ങ്
അതിൽ മഞ്ഞക്കല്ല് പതിക്കും
ഇഴഞ്ഞിഴഞ്ഞ് പോവുമ്പോൾ അഴിഞ്ഞഴിഞ്ഞ് പോയ
കുപ്പായമെല്ലാം ചേർത്ത് വെച്ച്
അവള് നാണം മറക്കും
തോട്ടിലെ വെളളം
ഉറങ്ങാൻ കിടന്നെന്നുറപ്പായാൽ
ഒച്ചയുണ്ടാക്കാതെ
അവള് കണ്ണാടി നോക്കും
നോക്കിനോക്കിയിരിക്കുമ്പോൾ
നിലാവ് കേറി മടിയിലിരിക്കും
മുലയൂട്ടുമ്പോൾ ‘ഉപ്പിക്കുന്നുണ്ടോടാ’ എന്ന്
അവള് ഉറക്കെ ചോദിക്കും
കടലായിരുന്നല്ലേ കടലായിരുന്നല്ലേയെന്ന്
അവൻ്റെ കവിളുതുടിക്കും
വയറു നിറഞ്ഞെങ്കിൽ ഇറങ്ങിപ്പോടാ എന്ന്
അവള് നിറഞ്ഞ് തുളുമ്പും

അത് കഴിഞ്ഞ്
ഉപ്പട്ടിക്കിടയിലൂടെ കൈവീശിയൊരു നടത്തമുണ്ടവൾക്ക്
കിഴക്ക് ഇരുട്ടിന് വെള്ളപുതച്ച് തുടങ്ങുമ്പോൾ
മുള്ളൻപന്നി മുള്ള് കുടയുംപോലെ
സൂര്യൻ പുതപ്പ് കുടയും

പോവുന്നില്ലേയെന്ന് ഉപ്പട്ടി തലകുലുക്കും
മഞ്ഞക്കല്ല് പറന്നിറങ്ങും
കൊണ്ടകെട്ടിയ മുടി അഴിഞ്ഞ് വീഴും
നക്ഷത്രം കളിക്കാൻ പോകും
കുപ്പായങ്ങളൊക്കെ നടത്തത്തിലവളും അഴിച്ചിടും
വന്നത് പോലെ തിരികെ പോകണമെന്നത്
അവൾക്ക് നിർബന്ധമാണ്.
പക്ഷേ ഉള്ളിലെ കടല് വറ്റിയതാണ്
ഉപ്പെല്ലാം പലയിടത്തായി കുടഞ്ഞും കളഞ്ഞതാണ്

അവളുപ്പട്ടിയെ നോക്കും
കടലതാ ഉള്ളിൽ
അതേ കടൽ എന്ന്
ഉപ്പട്ടി കണ്ണിറുക്കും
അവള് തൊട്ടുനോക്കും
ഉടലാഴത്തിൽ
ഉയിരാഴത്തിൽ
കടലാഴത്തിൽ അതേ കടൽ!


Leave a Comment

Your email address will not be published. Required fields are marked *