ഇസ്തൂബി ഇസ്തൂബി സുല്ല് സുല്ല് Poem By ദേവി നമ്പ്രാണത്ത്
ഇസ്തൂബി ഇസ്തൂബി, സുല്ല് സുല്ല്
നാട്ടിലെ ഒറ്റക്കുട്ടികളിൽ
ഒന്നാണ് കുഞ്ഞമ്മൂട്ടി !
ഒറ്റക്കൽവിളക്ക് പോലൊരു കുട്ടി.
ചെടികളെത്തല്ലണ ടീച്ചറാവും
ഉറുമ്പിനെത്തടയണ പോലീസാവും.
ചെടികൾ പറയും
“അമ്മുക്കുട്ട്യേയ്
ഇസ്തൂബി ഇസ്തൂബി.”
ഉറുമ്പോള് കരയും, ” അമ്മുക്കുട്ട്യേയ്
സുല്ല് സുല്ല്.’
അമ്മുക്കുട്ടി സുല്ല് കൊടുക്കും,
ഇസ്തൂബിയിടും.
തെരണ്ട് കല്യാണത്തിന്
അമ്മുട്ടിയുടെ അമ്മമ്മ
തെളിഞ്ഞൊരു
പുഞ്ചിരിപ്പൂങ്കണ്ണാടി കൊടുത്തു.
കുഞ്ഞമ്മു കണ്ണാടി നോക്കി പൊട്ടു തൊട്ടു.
കണ്ണാടിയിലെ അമ്മൂ പൊട്ടു തട്ടി തറയിലിട്ടു
കുഞ്ഞമ്മു കൈ വീശിക്കാണിച്ചപ്പോ കണ്ണാടിയമ്മൂ, “കേറിക്കോ പൊവാറൈറ്റ്” ന്ന് പറഞ്ഞു
രണ്ടുപേരും മുഖത്തോട് മുഖം നോക്കിച്ചിരിച്ചു.
രാത്രി കുഞ്ഞമ്മൂ കുഞ്ഞിക്കൈ നീട്ടിവിളിച്ചു .
കണ്ണാടിയമ്മൂ നീട്ടിയ കൈയ്യിൽപ്പിടിച്ച്
പതുക്കെ കണ്ണാടിപ്പുഴയിൽനിന്നിറങ്ങി വന്നു.
അവർ
നക്ഷത്രക്കുരുക്കൾകൊണ്ട് പല്ലാങ്കുഴി കളിച്ചു,
നിഴലിനെ പിടിച്ചുകെട്ടി നാരങ്ങാക്കളി കളിച്ചു.
‘നാരങ്ങപ്പാല്….
തീപ്പെട്ടി കോല്…..
ഓടിവരുന്ന
നിഴലിനെ
പിടിച്ചേ.’
നിഴല് ഇസ്തൂബി വിളിച്ചു.
അമ്മുക്കുട്യോള് പിടി വിട്ടു.
നിഴല് ഓടിയോളിച്ചു.
കളിച്ചു ക്ഷീണിച്ച് അവർ എന്നും
ഇരുട്ട് പുതച്ചുറങ്ങിയിരുന്നു.
ഒരു പകല് കണക്കുമാഷ്
കുഞ്ഞമ്മു ന്റെ കാൽവണ്ണയിൽ
നുണ നുള്ളി-ക്കൂട്ടി-ക്കിഴിച്ചു. .
ആ രാത്രി കണ്ണാടിയമ്മൂട്ടി
മുടന്തി നടക്കുന്ന പൂത്താങ്കീരിയായി
ഇരുട്ടിന്റെ മണലിൽ പൂണ്ടു കിടന്നൊളിച്ചു.
കുഞ്ഞമ്മൂട്ടി തുപ്പല് കൊണ്ടൊരു കുമിളയുണ്ടാക്കിപ്പറഞ്ഞു
“സാരല്യാ പോട്ടെ ട്ടൊ.”
‘പോട്ടേട്ടോ’ ബലൂണ് പോലെ വീർത്തു പൊട്ടി.
അമ്മുക്കുട്ടികൾ ചിരിച്ചാർത്തു .
പൂരത്തിന്റെ ബസ്സിൽ കയറിയപ്പോൾ
മേലാകെ വിരലുകളുടെ
പുളിയുറുമ്പ് കടിച്ചു നീറി.
പുകച്ചിൽ മാറുവോളമവർ
പാൽ നിലാപ്പുഴയിൽ
തുടികൊട്ടിപ്പാടി മുങ്ങിക്കുളിച്ചു
വളെന്റൈൻസ് ഡേയ്ക്കൊരു ചെക്കൻ
കുഞ്ഞമ്മുട്ടിയുടെ കൈയ്യ് പിടിച്ചു വില്ല് വളച്ചു.
മുള്ള് റോസിന്റെ കാട്ടിൽ
നില തെറ്റി വീണ അന്നുരാത്രി
കണ്ണാടിയമ്മുന്റെ കൈയ്യ് ഉളുക്കിയിരുന്നു.
കുഞ്ഞമ്മൂട്ടി പറഞ്ഞു
‘സാരല്യാ പോട്ടെ’.
അന്ന് പക്ഷെ ബലൂൺ വീർത്തില്ല!
പപ്പടക്കാരൻ മാമൻ
കുഞ്ഞമ്മൂട്ടിയുടെ കവിളത്ത്
അമർത്തിച്ചുംബിച്ചപ്പോൾ ,
കുഞ്ഞമൂട്ടി കണ്ണാടി നോക്കാൻ ഒന്ന് പേടിച്ചു.
കണ്ണാടി അമ്മൂട്ടിയുടെ കവിൾ ഒരു ഭാഗം, തുപ്പല് വീണ് പൊള്ളിയടർന്നിരിക്കുന്നു!
കുഞ്ഞമൂട്ടിക്ക് സങ്കടായി.
വേനിച്ചിട്ടു വയ്യ!
അവൾ നാട്ടാരെ നോക്കി വിളിച്ചുചോയ്ച്ചു
‘ഇസ്തൂബി ഇസ്തൂബി?
സുല്ല് സുല്ല് ?’
‘ഈ കളിക്കിസ്തൂബിയില്ലാ.
സുല്ലിടില്ലാ.’
നാട്ടാര് അലറിച്ചിരിച്ചു .
കണ്ണാടി അമ്മൂട്ടി
ഉളുക്കിയ കൈയ്യും നീട്ടി വീശി വിളിച്ചിട്ടു.
‘സാരല്യ പോട്ടെ ‘
കുഞ്ഞമൂട്ടി, ‘സാരല്യ’
പോകാതെ പിടിച്ചുവലിച്ച്
പുഞ്ചിരിക്കണ്ണാടിക്കുള്ളിലേക്ക്
അന്നാദ്യമായി കയറിപ്പോയിക്കണ്ടു .
പൗർണ്ണമിനിലാവിൽ അവരുടെ നിഴലുകൾ മിന്നാമിന്നികൾ പോലെ തിളങ്ങി .
അന്നു മുതൽ കുഞ്ഞാമ്മൂട്ടി കണ്ണാടിയിൽ നിന്നിറങ്ങി വരാതായി.
ഇരുട്ടിന്റെ തുരുത്തിൽ ഒന്നുചേർന്നു
പുറത്തേക്ക് വിളിച്ചു പറഞ്ഞൊളിച്ചു കളിച്ചുകൊണ്ടേയിരുന്നു
“ഇസ്തൂബി ഇസ്തൂബി….
സുല്ല് സുല്ലേയ് “
