പ്രേമത്തിന് നിന്റെ പേരാണ് പുസ്തകാസ്വാദനം By അഞ്ജലി ആരവ്
“പ്രേമത്തിന് നിന്റെ പേരാണ് ” ❤️
പ്രണയത്തെക്കുറിച്ച് എത്രയൊക്കെ എഴുതിയാലും ബാക്കിയാകുന്ന ചില നിശബ്ദതകളുണ്ട്.
പ്രിയപ്പെട്ടവന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ ആ മൗനത്തിന് പോലും ഒരു സംഗീതമുണ്ടെന്ന് തോന്നിപ്പോകും. ഒരു പൂന്തോട്ടത്തിന്റെ ഭംഗിയല്ല, മറിച്ച് മുറിവേറ്റ ഹൃദയത്തിന്റെ പച്ചയായ സത്യങ്ങളാണ് ഇതിലെ ഓരോ കവിതയും. പ്രണയത്തിന്റെ ആഴക്കടലിൽ തുഴയെറിഞ്ഞ് ശാന്തമായി ഒഴുകുന്ന ഒരനുഭവം പോലെ, നമ്മുടെ ഉള്ളിലെ പ്രണയരൂപത്തോട് ഈ വരികൾ നേരിട്ട് സംവദിക്കുന്നു.
’ഒരു നക്ഷത്രം പോലും പുഞ്ചിരിക്കാത്ത നിന്റെ ആകാശം എന്നെ ഒറ്റപ്പെടുത്തുന്നു’ എന്ന് വായിക്കുമ്പോൾ പ്രണയത്തിലെ ആ നീലമൗനം നമ്മെ വല്ലാതെ പൊള്ളിക്കും. വാക്കുകൾ കൊണ്ട് മുറിവുണക്കാൻ ശ്രമിച്ച്, ഒടുവിൽ ഒന്നും പറയാതെ പടിയിറങ്ങിപ്പോയ പ്രണയിനിയുടെ ഓർമ്മകൾ ഇതിൽ പെയ്തുനിറയുന്നുണ്ട്. പലപ്പോഴും പറയാൻ ആഗ്രഹിച്ചതും എന്നാൽ വാക്കുകൾ കിട്ടാതെ പോയതുമായ ആ വിങ്ങലുകൾക്കാണ് അക്ഷരരൂപം നൽകിയിരിക്കുന്നത്…
കടലെഴുതുമ്പോൾ തിര തൂലികയാവുന്നതുപോലെ, ഉള്ളിലെ പ്രണയക്കടലിനെ അക്ഷരങ്ങളിലേക്ക് പകർത്താൻ അവൻ തിരഞ്ഞെടുത്ത ഓരോ ബിംബവും അത്രമേൽ തീക്ഷ്ണമാണ്. ‘കടലെടുത്തുപോയ ചുംബനങ്ങളും, വിരഹത്തിന്റെ ഉപ്പുകാറ്റും, തകർന്ന പ്രണയത്തിന്റെ ശേഷിപ്പുകളും ‘ വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
മലയാളത്തിനൊപ്പം ഇതിലെ ഇംഗ്ലീഷ് വിവർത്തനങ്ങൾ കൂടി വായിക്കുമ്പോൾ ഈ നോവിന് ഒരു ആഗോള ഭാഷ കൈവരുന്നത് പോലെ തോന്നും.
‘തോർന്നു തീരാനല്ല, മറിച്ച് ഉള്ളിൽ പെയ്തു നിറയാൻ’ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു സാന്ത്വനമാണ്. പ്രണയത്തിൽ സ്വയം മറന്നുപോയവർക്കും, നഷ്ടങ്ങളുടെ തീരത്തിരുന്ന് ഓർമ്മകൾ തിരയുന്നവർക്കും ഈ വരികൾ കൂട്ടിരിക്കും. ഇനിയും ഇതുപോലെ ഒരുപാട് കവിതകൾ നിന്റെ ഉള്ളിലെ കടലിൽനിന്ന് തിരകളായി ഇരമ്പി വരട്ടെ പ്രിയനേ…
