ജാൻവി Short story By രാഹുൽ രഘുരാജ്

ജാൻവി Short story By രാഹുൽ രഘുരാജ്

“എന്റെ കൂടെ വരുന്നോ, എന്റെ നാട്ടിലേക്ക്..?”

ജാൻവി ഇപ്പൊ നന്നായിട്ട് മലയാളം സംസാരിക്കുന്നുണ്ട്. അവളുടെ ഹിന്ദി ഇതുവരെയായിട്ടും ഞാൻ പഠിച്ചില്ല. ചില സമയത്ത് ചിന്തിച്ചിട്ടുണ്ട്, എന്നോട് സംസാരിക്കാൻ വേണ്ടി മാത്രമാണോ ഇവൾ മലയാളം പഠിച്ചതെന്ന്.

ഇവിടെയുള്ള മറ്റ് ആണുങ്ങളോടൊക്കെ അവൾ ഹിന്ദിയിലാണ് വഴക്കടിക്കുന്നതും, വിലപേശുന്നതും, ‘പ്രണയിക്കുന്നതും.’ എന്റെ ഫാന്റസികൾ സഹിക്കാൻ പറ്റാതെ വരുമ്പോൾ മാത്രമാണ് ചില രാത്രികളിൽ അവൾ ഹിന്ദിയിൽ എന്നെ തെറിവിളിച്ചിരുന്നത്. എന്നിലേക്ക് ചേർന്ന് കിടക്കുമ്പോൾ പഴയ ഏതോ ഹിന്ദി പാട്ട് മൂളുന്നത് കേൾക്കാം.

ഉറക്കെ പാടാൻ പറഞ്ഞാൽ പാട്ട് നിർത്തും, എന്നിട്ട് പറയും, “ഇനി ഭ്രാന്തിളകില്ലെങ്കിൽ കിടന്നുറങ്ങൂ” എന്ന്. അതേ, ചില ദിവസങ്ങളിൽ എനിക്ക് അവളോട് ഭ്രാന്താണ്. അപ്പോഴെല്ലാം അവൾ എന്നെ ഇങ്ങനെ സഹിക്കുന്നത് എന്തിനാണെന്ന് പകലുകളിൽ ഞാൻ ആലോചിക്കും. ഞാനൊരിക്കലും അവളെ നിർബന്ധിച്ചിട്ടില്ല.

എന്റെ കൂടെ ആ രാത്രികൾ പങ്കുവയ്ക്കാൻ വിളിച്ചിട്ടില്ല. പൂച്ചക്കണ്ണുള്ള യമുനയ്ക്ക് ഇവളെക്കാൾ ഭംഗി തോന്നിയിട്ടുണ്ട്. മലയാളിയാണ്, ഒരു രാത്രി കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവളെ കിട്ടുമോ എന്നറിയാനാണ് തുടർച്ചയായി രാത്രികളിൽ അവിടേക്ക് കയറിച്ചെന്നത്.

അപ്പോഴെല്ലാം എന്നെ സ്വാഗതം ചെയ്തിരുന്നത് ജാൻവിയാണ്. എന്റെ ‘കറുത്ത പെണ്ണിനെ’ പോലെയുള്ളവൾ. അവളെനിക്ക് ഒരിക്കലും പ്രിയപ്പെട്ടവളായിരുന്നില്ല. അവൾ അടുത്തുള്ളപ്പോഴെല്ലാം ഓർമകൾ എന്നെ വേട്ടയാടുകയാണ്. ആ ഭ്രാന്താണ് അവളുടെ ശരീരത്തിൽ ഞാൻ തീർക്കുന്നത്.

മറുപടിയൊന്നും കേൾക്കാത്തോണ്ടാണെന്ന് തോന്നുന്നു, വീണ്ടും ചോദിച്ചു, “നീ വരുന്നോ… “

“നോർത്തിലേക്കോ, ഇല്ല… ഞാൻ വന്നിട്ടെന്തിനാ? അല്ലാ, നീ ഇവിടുന്ന് പോകുവാണോ…?”

“ഇനി കുറച്ചുനാൾ അവധിയാണ്… നാട്ടിൽ പോണം. അമ്മയോടൊപ്പം കുറച്ചുദിവസം നിൽക്കണം… തീജ് ഉത്സവം തുടങ്ങുകയാണ് അടുത്ത ആഴ്ച്ച…”

അവളെയും കാത്ത് ആരൊക്കെയോ ഇരിപ്പുണ്ട് എന്ന് തോന്നി. എന്നിട്ടും ഇവളിവിടെ ഓരോരുത്തരെ സ്വീകരിക്കുന്നത് എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല… എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്തിനാണെന്ന് ചോദിച്ചില്ല… അവളെ ഇന്നേവരെ കരഞ്ഞു കണ്ടിട്ടില്ല. പക്ഷെ ഇന്ന് അവൾ കരയുമെന്ന് തോന്നി.

“നീ കൂടെ വരുവാണേൽ ഈ നശിച്ച സ്ഥലത്തേക്ക് ഞാൻ ഇനി വരില്ല…” അവൾ പറഞ്ഞതുകേട്ട് ഞാൻ ചിരിച്ചു, ഉറക്കെയുറക്കെ ചിരിച്ചു. എന്നിലെ ഭ്രാന്തനെ വീണ്ടും അവൾ കാണുന്നു എന്ന് അവളുടെ മുഖഭാവത്തിലൂടെ ഞാൻ മനസിലാക്കി. ഈ രാത്രിയിൽ ഞാൻ മാത്രമേ ഈ ലോകത്തുള്ളൂ എന്ന നിലയിൽ എന്റെ ചിരി ഉച്ചത്തിലായി.

“എന്തറിഞ്ഞിട്ടാ നീയെന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നത്, നീയെന്റെ കൂടെയുള്ളപ്പോഴെല്ലാം എന്റെ ഭ്രാന്തിനെ ഞാനറിയാതെ തന്നെ നീ ഉണർത്തുകയാണ്. എനിക്ക് നിന്നോട് വെറുപ്പാണ് ജാൻവി. ഒരിക്കൽ മറന്നുപോയ ഒരു മുഖത്തെ നീ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്…”

അവളുടെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. ആ നിശബ്ദത എന്നെ വീണ്ടും ഭ്രാന്തുപിടിപ്പിക്കും എന്ന് തോന്നി. കുറച്ചുനേരം ഞാൻ അവളെത്തന്നെ നോക്കിനിന്നു.

“ഞാൻ ഇനിയും ഇവിടേക്ക് വരും… നിന്നെ എനിക്ക് വേണം..”

“തമാശകൾ ഞാൻ ആസ്വദിച്ചിരുന്ന സമയമുണ്ടായിരുന്നു ജാൻവി. നീ ഇവിടെയില്ലാത്ത ദിവസങ്ങൾ ഞാൻ അതിജീവിക്കുമോ എന്നുതന്നെ എനിക്കറിയില്ല.” ഞാൻ തിരിഞ്ഞുനടന്നു.

“തീജിൽ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്, നിന്റെ ദീർഘായുസ്സിനായി.” ഞാൻ മറുപടി പറഞ്ഞില്ല. കുറച്ചുദൂരം നടന്നശേഷം ഞാൻ തിരിഞ്ഞുനോക്കി. അവൾ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

“എനിക്ക് നിന്നെ കാണണ്ട ജാൻവി. തിരികെ വന്നാലും എന്നെ അന്വേഷിക്കേണ്ട…” ഞാൻ വിളിച്ചുപറഞ്ഞു. അവൾ കരയുന്നുണ്ടോ എന്തോ.

ഈ നഗരം നിന്നെ കാത്തിരിക്കുന്നുണ്ട്, ഞാനല്ല.
അവൾ ഇനിയും ഇവിടേക്ക് വരും. പലരുടെയും അതിഥിയായി.
എന്നെ അവൾ മറക്കും, മറക്കണം… ജാൻവിയെ എനിക്ക് പ്രണയിക്കാനാവില്ല, ഒരിക്കലും… അവൾക്കറിയാത്ത ഒരു കഥ അവളുടെ മുഖം എന്നോട് പറയുന്നുണ്ട്. എനിക്കും, ഈ നഗരത്തിനും മാത്രം അറിയാവുന്ന കഥ…


1 thought on “ജാൻവി Short story By രാഹുൽ രഘുരാജ്”

Leave a Comment

Your email address will not be published. Required fields are marked *