തിരകളുള്ള കടൽ Short story by രഞ്ജിത്ത് സി. എച്ച്
കടൽ കാണാത്ത പെണ്ണുങ്ങളുണ്ടാവുമോ? ഉണ്ടായിരിക്കണം. കണ്ണിന്റെ അരികിൽ ഉപ്പുനിറച്ച് ജീവിക്കുന്ന പെണ്ണുങ്ങൾ. അവരുടെ ജീവിതത്തിൽ സങ്കടങ്ങളാണ് സ്ഥിരം സഹയാത്രികർ. കണ്ണുകളിൽനിന്ന് പെയ്തിറങ്ങുന്ന മഴക്ക് ഒരിക്കലും അവസാനമുണ്ടാകില്ല. മീരയും അങ്ങനെയൊരു പെണ്ണായിരുന്നു. വിവാഹശേഷമാണ് അവൾക്ക് കടൽ കാണണമെന്ന മോഹം കൂടുതൽ ശക്തമായത്. സത്യത്തിൽ, ആ സ്വപ്നം ഒരുനാൾ നിറവേറുമെന്ന പ്രതീക്ഷയോടെയായിരുന്നു അവൾ വിവാഹത്തെ കണ്ടിരുന്നത്. കുട്ടിക്കാലം മുതൽ എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാൽ വീട്ടുകാർ ഒരേയൊരു മറുപടിയായിരുന്നു പറയാറ്.
“അതൊക്കെ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോയാൽ മതി.” അങ്ങനെ, വിവാഹത്തിന് മുമ്പ് താൻ ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിക്കിടക്കുകയാണെന്ന് മീര വിശ്വസിച്ചു. പക്ഷെ, വിവാഹം കഴിഞ്ഞിട്ടും ആ ചട്ടക്കൂട് മാറിയില്ല. അതിന്റെ രൂപം മാത്രമാണ് മാറിയത്. അവളെ ഒരിക്കൽപ്പോലും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഈ ലോകം കാണിക്കണമെന്ന് സ്വന്തം ഭർത്താവായ അരുൺ ചിന്തിച്ചിരുന്നില്ല. അയാൾക്ക് എപ്പോഴും ജോലിത്തിരക്കുകളായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യയെ സ്നേഹത്തോടെ ഒന്ന് നോക്കാനോ, കുറച്ചുനേരം അവളോട് സംസാരിക്കാനോ, അവളുടെ മനസ് കേൾക്കാനോപോലും അയാൾ സമയം കണ്ടെത്തിയിരുന്നില്ല. എന്തിന്, അവളെ പ്രണയിക്കാനോ അവളോടൊപ്പം ജീവിതം പങ്കിടാനോ പോലും അയാൾക്ക് സമയമുണ്ടായിരുന്നില്ല.
ആ അഭാവം പതിയെ മീരയും സ്വീകരിച്ചുതുടങ്ങി. മനസ്സില്ലാത്ത ഒരാളുടെ സാമീപ്യം യാചിച്ച് ജീവിക്കുന്നതിലും, താൽപര്യമില്ലാത്ത സ്നേഹത്തിന്റെ നിഴലായി മാറുന്നതിലും അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അച്ഛൻ കണ്ടെത്തിയ ബന്ധമായിരുന്നു അത്. ജ്യോത്സ്യൻ പത്തിൽ എട്ട് പൊരുത്തം പറഞ്ഞിരുന്നു. പക്ഷെ, നക്ഷത്രങ്ങൾ തമ്മിൽ പൊരുത്തമുണ്ടെന്ന് പറഞ്ഞാൽ മാത്രം എന്ത് പ്രയോജനം? മനസുകൾ തമ്മിൽ അകലം മാത്രം വളരുമ്പോൾ. തന്റെ ആഗ്രഹങ്ങൾക്കൊന്നും അരുൺ ഇന്നുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.
വേറെയൊന്നും വേണ്ടായിരുന്നു മീരക്ക്, ഉള്ളുകൊണ്ടൊരു നോട്ടം. കരുതലോടെ ചേർത്തുപിടിക്കുന്ന രണ്ട് കൈകൾ. “നീ ഉണ്ടല്ലോ” എന്ന് പറയാതെ പറയുന്ന ഒരു സാന്നിധ്യം. അത്രമാത്രം. സത്യത്തിൽ, അത് മീരയുടെ മാത്രം ആഗ്രഹമായിരുന്നില്ല. അവളെപ്പോലുള്ള അനേകം സ്ത്രീകളുടെ പറയാതെപോയ ആഗ്രഹമായിരുന്നു അത്. ഒരു മനുഷ്യന് താൻ പരിഗണിക്കപ്പെടുന്നുണ്ടെന്ന് തോന്നാൻ ചിലപ്പോൾ ഒരു നോട്ടം മാത്രം മതി. ആ നോട്ടമില്ലെങ്കിൽ എത്ര ചേർത്തുപിടിച്ചാലും അതിനെ സ്നേഹം എന്ന് വിളിക്കാൻ കഴിയില്ല.
കുട്ടിക്കാലം മുതലായിരുന്നു മീരക്ക് തെരകളുള്ള കടൽ കാണണമെന്ന ആഗ്രഹം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, വെക്കേഷൻ കഴിഞ്ഞുവന്ന മഞ്ജിമ കടൽ കണ്ട അനുഭവങ്ങൾ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. തെരമാലകളെക്കുറിച്ചും, ഉപ്പുകാറ്റിനെക്കുറിച്ചും, അസ്തമയസൂര്യനെക്കുറിച്ചുമൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങും. അന്നാണ് ആദ്യമായി മീര “തെരകളുള്ള കടൽ” എന്നൊരു ലോകം മനസിൽ വരച്ചത്. കടൽ എന്താണെന്ന് പോലും ശരിക്കും മനസിലാക്കാൻ കഴിയാത്ത പ്രായമായിരുന്നു അന്ന്. എങ്കിലും, തന്റെ അതേ പ്രായമുള്ള കൂട്ടുകാരി അതൊക്കെ കണ്ടുവെന്ന് കേട്ടപ്പോൾ അവളുടെ കുഞ്ഞുമനസിൽ ചെറിയൊരു അസൂയ മുളച്ചു. അതിലും വലുതായി ഒരു പ്രതീക്ഷയും—
‘ഒരു ദിവസം താനും ആ തെരമാലകൾക്ക് മുന്നിൽ നിൽക്കും എന്ന പ്രതീക്ഷ.’ പക്ഷെ, വർഷങ്ങൾ കടന്നുപോയിട്ടും ആ പ്രതീക്ഷ മാത്രം കടൽക്കരയിൽ എത്താത്ത ഒരു വഞ്ചിപോലെ അവളുടെ മനസിൽ ഒഴുകിക്കൊണ്ടിരുന്നു. ചില രാത്രികളിൽ വീടിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് ആകാശത്തേക്ക് നോക്കി മീര ചിന്തിക്കാറുണ്ടായിരുന്നു. “കടലിനും ഇങ്ങനെ ഒറ്റപ്പെടൽ തോന്നാറുണ്ടാകുമോ?” മറുപടിയായി വീശിയെത്തുന്ന കാറ്റ് മാത്രം അവളുടെ മുടിയിഴകളെ തഴുകിപ്പോകും. ഒരു വൈകുന്നേരം, കിടക്ക വിരിച്ചുകൊണ്ടിരിക്കെ കുറച്ച് ധൈര്യം സംഭരിച്ച് അവൾ അരുണിനോട് ചോദിച്ചു:
“ഒരു ദിവസം കടൽ കാണാൻ പോകാമോ..?”
ലാപ്ടോപ്പിൽനിന്ന് കണ്ണെടുക്കാതെ അരുൺ മറുപടി പറഞ്ഞു:
“ഇപ്പോൾ അതിനൊന്നും സമയമില്ല മീര. കുറച്ച് ജോലി തീരട്ടെ…”
കേട്ടു തഴമ്പിച്ച മറുപടിയായിരുന്നു അത്. എങ്കിലും അന്നെന്തോ ആ വാക്കുകൾ അവളുടെ ഹൃദയത്തെ ആഴത്തിൽ മുറിച്ചു. ഒരു ദിവസം, ഭക്ഷണം നേരത്തെ തയ്യാറാകാത്തതിന്റെ പേരിൽ ഓഫീസിലെത്താൻ വൈകിയെന്ന ദേഷ്യത്തിൽ അരുൺ മീരയുടെ ചെവിക്കല്ല് നോക്കി ഒരടികൊടുത്തു. അടിയുടെ ആഘാതത്തിൽ അവൾ നിലത്തേക്ക് കുഴഞ്ഞുവീണു. കറുത്ത കല്ലുവെച്ച കമ്മൽ ദൂരേക്ക് തെറിച്ചുപോയി. അതിന്റെ കൊളുത്തിൽ അവളുടെ രക്തത്തിന്റെ ചുവപ്പ് പറ്റിയിരുന്നു. പിറ്റേന്ന് രാവിലെയാണ് അവൾക്ക് ബോധം വീണത്. അപ്പോഴേക്കും അരുൺ ഓഫീസിലേക്ക് പോയിരുന്നു. മുറിയിൽ തനിച്ചിരുന്ന് കുറേനേരം അവൾ കരഞ്ഞു.
താനെങ്ങനെ കട്ടിലിലെത്തിയെന്നുപോലും അവൾക്ക് ഓർമയില്ലായിരുന്നു. “തല്ലിയതിന്റെ ഔദാര്യം കൊണ്ടായിരിക്കും എന്നെ ഇവിടെ കിടത്തിയത്…” സ്വയം പുഞ്ചിരിക്കാൻപോലും കഴിയാത്തൊരു ചിന്ത. മുറിയിൽനിന്ന് പുറത്തിറങ്ങി അവൾ തെറിച്ചുപോയ കമ്മൽ എടുത്തു. പിന്നെ ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും അവന്റെ അടിയും അവഗണനയും സഹിക്കില്ല. മറ്റേ കമ്മലും അഴിച്ച് അരുണിന്റെ മേശപ്പുറത്ത് വച്ചു. അതിനൊപ്പം അവൻ കെട്ടിയ താലിമാലയും. ‘അവനെ വേണ്ടെന്ന് വച്ച എനിക്ക്, അവൻ തന്ന ഓർമകളും വേണ്ട.’ അന്ന് ആ വീട്ടിൽനിന്ന് ഇറങ്ങിയ മീര നേരെ പോയത് കടൽ കാണാനായിരുന്നു.
വൈകുന്നേരത്തെ സ്വർണവെളിച്ചത്തിൽ കടൽ അവളെ കാത്തുനിൽക്കുന്നതുപോലെ തോന്നി. വർഷങ്ങളായി മനസിൽ മാത്രം കണ്ടിരുന്ന ആ തെരമാലകൾ അവളുടെ കാൽച്ചുവട്ടിലേക്ക് ഓടിയെത്തി. ആദ്യമായി ഉപ്പുകാറ്റ് മുഖത്ത് തട്ടിയപ്പോൾ, വർഷങ്ങളായി ഉള്ളിൽ കെട്ടിക്കിടന്ന സങ്കടങ്ങൾ ഓരോ തിരയോടൊപ്പം അലിഞ്ഞുപോകുന്നതായി അവൾക്ക് തോന്നി. അവൾ മെല്ലെ കണ്ണുകൾ അടച്ചു. ജീവിതത്തിൽ ആദ്യമായി കടൽ അവളെ ചേർത്തുപിടിച്ചു. ആ നിമിഷം മീരക്ക് മനസിലായി ചില കടലുകൾ കാണാൻ വർഷങ്ങൾ വൈകിയേക്കാം. പക്ഷേ, ഒരിക്കൽ ആ തിരകൾ നെഞ്ചിൽ തൊട്ടുകഴിഞ്ഞാൽ, പിന്നെ ഒരു മനുഷ്യനും മറ്റൊരാളുടെ തടവുകാരിയായി ജീവിക്കേണ്ടതില്ല.
