ഒരാളുടെ കണ്ണിലെ പ്രകാശം
പടർന്നാൽ
നഗരങ്ങളുടെ ഭൂപടം മാഞ്ഞുപോകും.
അവ വെറും രേഖകളുടെ അപ്രത്യക്ഷതയല്ല,
അധികാരം വരച്ച അതിരുകളുടെ ചിതറലാണ്.
അവന്റെ ശ്വാസത്തിന്റെ ഇടവേളയിൽ
കാലം ചെറുതായി ചുരുങ്ങിനിൽക്കും.
അവിടെ ചരിത്രം
ഒരു കള്ളക്കഥപോലെ പാഞ്ഞുപോകും.
പേരില്ലാത്ത ഒരു സ്പർശം
അസ്ഥികളിൽ വരെ വേര് പിടിച്ചാൽ
ശരീരം തന്നെ ഒരു ദേശമായി മാറും,
അതിന്റെ അതിർത്തികൾ
രക്തത്തിലൂടെ പുനർരചന ചെയ്യപ്പെടും.
ഞാൻ കണ്ടിട്ടുണ്ട്,
ഒരു മനുഷ്യന്റെ അന്തർമൗനം
പുറത്തുള്ള മുഴക്കങ്ങളെ ശവസംസ്കാരം ചെയ്യുന്നത്.
എല്ലാം ഒരുമിച്ച് ഒരു ശൂന്യതയിൽ പതിക്കുന്നത്.
മറ്റൊരു സമയത്ത്
അവന്റെ ഉള്ളിൽ ഉയർന്ന ഒരു തിരമാല
കടലുകളെ അപര്യാപ്തമാക്കുന്നത്.
ഇതിനെ ഒരു പേരിനകത്ത് പൂട്ടാനാകുമോ?
അല്ലെങ്കിൽ
സ്വന്തം നിലനിൽപ്പിന്റെ മതിലുകൾ തകർത്ത്
പുറത്തേക്ക് പൊട്ടിച്ചെല്ലുന്ന
വിരുദ്ധ പ്രഖ്യാപനമോ?
ഇനിയും വ്യക്തമാകാത്ത
ഒരു അടിയന്തരാവസ്ഥ
ശവപ്പെട്ടി കണക്കെ
റോന്ത് ചുറ്റുന്നുണ്ട്.
ഭരണകൂടം പ്രഖ്യാപിക്കാത്ത,
പക്ഷേ ശരീരം തന്നെ അനുഭവിക്കുന്ന
ഒരു അടിയന്തരാവസ്ഥ.
അവിടെ നിയമങ്ങൾ ചിതറിപ്പോകും,
വ്യവസ്ഥകളെല്ലാം വേട്ടയാടുന്ന നിഴലുകളാകും.
ധരിച്ചിരുന്ന പേരുകൾ
ചർമ്മംപോലെ ഉരിഞ്ഞ് വീഴും.
താഴെ തെളിയുന്നത്
ഒരു നഗ്നമായ സാന്നിധ്യം മാത്രം.
പറയാൻ കഴിയാത്ത,
പറയാൻ അനുവദിക്കാത്ത ഒരു സത്യം.
അതൊരു അന്യന്റെ ഒപ്പുപോലെ
മനുഷ്യരിൽ പതിഞ്ഞിരിക്കും.
അടിയന്തരാവസ്ഥയുടെ ഈ ഇടവേളയിൽ
നമ്മൾ സംസാരിക്കുന്നത് ഭാഷയിലല്ല,
നമ്മൾ എഴുതുന്നത് കാഗിതത്തിൽ അല്ല,
ശരീരത്തിന്റെ മുറിവുകളിൽ.
ഇനിയും പിറക്കാത്ത
ഒരു മനുഷ്യന്റെ കരുവാണവർ.
ഒടുവിൽ ആരാണെന്ന് പറഞ്ഞ
എല്ലാ നിർവചനങ്ങളും
മന്ദമായി ഒലിച്ചുപോകുമ്പോൾ,
അവശേഷിക്കുന്നത്
ഇനിയും വ്യക്തമാകാത്ത
ഒരു അടിയന്തരാവസ്ഥ മാത്രമായിരിക്കും…
