ആദ്യ Story by അപർണ തങ്കച്ചൻ

ആദ്യ Story by അപർണ തങ്കച്ചൻ PEN by AurA.

ആദ്യ Story by അപർണ തങ്കച്ചൻ

ഇരുണ്ട വെളിച്ചം ഗ്ലാസിട്ട ജനാലയിലൂടെ തട്ടിതഴുകി കറുപ്പ് നിറമെന്ന് പറയാൻ സാധിക്കാത്ത അലസമായി കിടക്കുന്ന ആദ്യയുടെ മുടിയെയും ഒന്ന് തൊട്ടുതലോടി അവളുടെ മുഖത്ത് വന്നുപതിച്ചു. എഴുനേൽക്കുവാൻ ഒന്ന് മടിച്ചെങ്കിലും എഴുനേറ്റല്ലേ പറ്റു. ‘സന്ധ്യയാവാൻ പോകുന്നു. കുളിയും നനയും ഒന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒട്ടും ഉറങ്ങുവാൻ സാധിച്ചില്ല.’ അവൾ പതിയെ എഴുനേറ്റു. ചുറ്റും ഒന്ന് കണ്ണോടിച്ചു. സാധാരണ ജനാലയുടെ അടുത്ത് വെയ്ക്കാറുള്ള കാപ്പിയും ഏത്തപ്പഴവും ഇന്ന് പതിവുതെറ്റി തറയിൽ കട്ടിലിനോട് ചേർന്നാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത് കണ്ടില്ലായിരുന്നുവെങ്കിൽ ആ കുപ്പിഗ്ലാസ് ഒരു ഓർമയായി മാറുമായിരുന്നു.

തനിക്ക് ഉറക്കം വരാത്തതിന്റെ ഓരോ കാരണങ്ങളായി അവൾ ഓർത്തു. ‘എം. എ ഹിസ്റ്ററിയാണ് പഠിച്ചത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. സാധാരണ ഹ്യുമാനിറ്റീസെടുത്ത് പഠിക്കുന്ന കുട്ടികൾ കേൾക്കേണ്ടി വരുന്ന ഉപദേശങ്ങളെല്ലാം ഞാനും പ്ലസ് വണ്ണിൽ ചേരുന്നതിന് മുൻപ് കേട്ടിരുന്നു.
“എന്തിനാ നീ ഇപ്പൊ ഒരു കാര്യവും ഇല്ലാതെ ഇത് പഠിക്കുന്നത്? സയൻസ് പഠിച്ചുടേ, പാടാണെങ്കിൽ കൊമേഴ്‌സ് നോക്കാലോ “ യെന്നാണ് അമ്മാവൻ പറഞ്ഞത്. അമ്മാവൻ മാത്രമല്ല ചുറ്റിനും കൂടിയിരുന്ന എല്ലാവരും നിർബന്ധിച്ചു ഹ്യുമാനിറ്റീസ് വേണ്ടെന്ന് വയ്ക്കാൻ. പത്താം ക്ലാസ്സിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായിട്ടും വേറെ വിഷയങ്ങളെക്കുറിച്ച് ഓർക്കാതെ ഹ്യുമാനിറ്റീസിൽ തന്നെ ഉറച്ചുനിന്നത് അതിനോടുള്ള താല്പര്യംകൊണ്ടായിരുന്നു. അതാണ്‌ ഇപ്പോൾ പി. ജി വരെയെത്തി നില്ക്കുന്നത്.’

ആദ്യയുടെ അച്ഛനും അമ്മയും മകളെ മനസ്സിലാക്കി അവളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെയെന്നുള്ള നിലപാടുള്ളവരാണ്. അതുകൊണ്ട് തന്നെ അച്ഛൻ അവളുടെ അമ്മയുടെ മരണശേഷവും, പി. ജി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും മകൾക്ക് ഒരിക്കൽപോലും ജോലിക്ക് പോകാൻ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല. അദ്ദേഹത്തിന് അറിയാമായിരുന്നു മകൾ യു. ജി. സി നെറ്റ് എക്സാം പാസാവാനും അധ്യാപികയാവാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന്.

‘മറ്റെന്നാളാണ് നെറ്റ് പരീക്ഷ… അത് എങ്ങനെയെങ്കിലും പാസായാൽ മതിയാരുന്നു’ അവൾ സ്വയം പറഞ്ഞുകൊണ്ട് മറഞ്ഞുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കി. പെട്ടന്ന് അവളുടെ ചിന്തയിൽനിന്നും ഭാവിയെക്കുറിച്ചുള്ള ചിന്തകൾ മാഞ്ഞു. പകരം മറ്റെന്തൊക്കെയോ വന്നു. അപ്പോഴും അവൾക്കിഷ്ടപ്പെട്ട വെളിച്ചം പോയിട്ടില്ലായിരുന്നു. ചിലപ്പോഴൊക്കെ ഈ വെളിച്ചം അവൾക്ക് എന്തൊക്കെയോ ആരെയൊക്കെയോ ഓർമപ്പെടുത്തും.
യാദൃശ്യമായി ജീവിതത്തിലേക്ക് വന്നിട്ട് ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ പോയ, തനിക്ക് ഓരോ സമയങ്ങളിലായി നഷ്ടപ്പെട്ട സൗഹൃദങ്ങൾ ഓരോന്നായി ആദ്യ ഓർത്തുതുടങ്ങി. ആ ഓർമകൾ അവളെ എത്തിച്ചത് എപ്പോഴത്തെയും പോലെ അയാളുടെ ഓർമകളിലേക്കായിരുന്നു.

അവൾ ഫോണെടുത്ത് വാട്സ്ആപ്പിലെ ഏറ്റവും താഴയായികിടന്ന ‘ഇശൽ’ എന്ന് സേവ് ചെയ്തിരിക്കുന്ന ചാറ്റെടുത്തു. അവസാനമായി മെസ്സേജ് അയച്ചത് ആദ്യ പി. ജി പാസായപ്പോഴാണ്. അതിന് മുൻപും ജീവിതത്തിലെ ഓരോ സന്തോഷങ്ങളും അയാളെ അറിയിച്ചിരുന്നു. പക്ഷേ, അതൊക്കെ കണ്ടതല്ലാതെ മറുപടിയൊന്നും ഇശൽ നൽകിയിരുന്നില്ല.

“ഹായ്.. എത്ര നാളായെടോ ഒന്ന് മിണ്ടിയിട്ട്… ഇനിയും ഇങ്ങനെ മിണ്ടാതെ ഇരിക്കണോ.. എത്ര നാളായി ഞാൻ മെസ്സേജ് അയക്കുന്നു.” അയാൾക്ക് അവൾ മെസ്സേജ് അയച്ചു.

ഇതിനും മറുപടി കിട്ടില്ലായെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഒരുപാട് നേരം പലപ്പോഴായി അയാൾക്ക് അയച്ചിരുന്ന മെസ്സേജുകൾ ഓരോന്നായി വായിച്ചുകൊണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞുകൊണ്ട് ഒന്നും വായിക്കാൻ സാധികാതെയായപ്പോൾ അവൾ ആ ചാറ്റിൽ നിന്നും അയാളുടെ ഡിപിയെടുത്തു നോക്കി. വർഷങ്ങളായി ഒരേ ഡിപി തന്നെയാണ്. പക്ഷേ ഓരോ തവണ ആ കണ്ണുകളിലേക്ക് നോക്കുമ്പോഴും അതിൽനിന്നും കണ്ണുകളെടുക്കാൻ തോന്നിയിരുന്നില്ല. അവൾക്ക് മാത്രം തോന്നുന്ന ഒരു തിളക്കം ആ കണ്ണുകളിലുണ്ടായിരുന്നു . എത്ര നേരം ആ മുഖത്തേക്ക് നോക്കിയിരുന്നു അറിയില്ല. മനസ്സിന്റെ ശബ്ദമായി കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.

പ്രതീക്ഷിക്കാതെ
ആദ്യയുടെ ഫോണിൽ ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നു.

“ഹായ്… “
ഇശലിന്റ മെസ്സേജാണ്.

കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. പക്ഷേ അത് സന്തോഷംകൊണ്ടായിരുന്നു.
അവൾ അയാൾക്ക് മറുപടി നൽകി.

“ഹായ് സുഖമാണോ..?”

“സുഖം… നിനക്കോ?”

“അതേ.. എന്താ പെട്ടെന്നു മിണ്ടാൻ തോന്നിയെ?”

അതിനു മറുപടി ലഭിച്ചില്ല, കണ്ടിട്ടുമില്ല.
ഇശൽ മിണ്ടിയ സന്തോഷമറിയിക്കാൻ അവൾ ഏറ്റവും അടുത്ത സുഹൃത്തായ അനന്യയെ വിളിച്ചു.

“ഹലോ “

“എന്നാടി”

“അത്…”

“പറ”

“ഇശൽ മെസ്സേജ് അയച്ചു “

“ഇങ്ങോട്ടോ “

“ഞാൻ അങ്ങോട്ട് അയച്ചു, അതിനു. “

“എൻ്റെ കൊച്ചേ… നിനക്ക് ഇതുവരെ മതിയായില്ലേ. എത്ര വർഷമായി നീ ഇങ്ങനെ. അവനു നിന്നെ ഇഷ്ടമാരുന്നേൽ പറയില്ലാരുന്നോ. ഇതിപ്പോൾ നീ വെറുതെ നിന്റെ ടൈം ഇൻവെസ്റ്റ്‌ ചെയ്യുവാ “

“എടാ, ചിലപ്പോൾ എപ്പോഴേലും മനസിലാക്കിയാലോ എന്നേ “

“ഇത്രേം നാൾ ഇല്ലാത്തത് ഇനി എപ്പോഴാ. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. ആറ് വർഷമായി പറയുന്നു. “

“ആൾ എന്നെ വിളിക്കുന്നില്ല മിണ്ടുന്നില്ലന്നെയുള്ളൂ. അവനു അറിയാം ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന്.”

“അതിന് നീ സ്നേഹിച്ചാൽ മാത്രം മതിയോ അവനും വേണ്ടേ? നീ നിന്റെ ഇഷ്ടംപോലെ ആയിക്കോ’. അനന്യ കോൾ കട്ട്‌ ചെയ്തു.
അന്ന് രാത്രി സന്തോഷവും ആകാംക്ഷയുംകൊണ്ട് ആദ്യയ്ക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല.”

കോളേജിൽനിന്നും പോയ ഒരു ക്യാമ്പിൽ വച്ചാണ് ഇശലിനെ ആദ്യമായി കാണുന്നത്. ചുരുണ്ട കറുത്ത നിറമുള്ള മുടി. വെളുത്ത മെലിഞ്ഞ ശരീരം. മുഖത്ത് നിറഞ്ഞുനിൽക്കുന്ന ചിരി. എല്ലാവരോടും വേഗം സൗഹൃദം സ്ഥാപിക്കുന്ന സ്വഭാവം. ആരോടും അധികം സംസാരിക്കാതെ മാറിയിരുന്ന ആദ്യയെ അങ്ങോട്ടുപോയി പരിചയപ്പെട്ടതും അടുത്തതും ഇശലാണ്. ക്യാമ്പിനുശേഷവും അവരുടെ സൗഹൃദം പിന്നെയും വളർന്നു. ആദ്യയുടെ മനസ്സിൽ അതിനപ്പുറം വളർന്ന സ്നേഹത്തെ പ്രണയമെന്ന്‌ വിളിക്കാൻ തുടങ്ങിയ നിമിഷം മുതൽ വിലകൊടുക്കേണ്ടി വന്ന സൗഹൃദം.

പിറ്റേന്ന് രാവിലെ ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടതും ആദ്യ വാട്സ്ആപ്പ് തുറന്നു നോക്കി. ഇശൽ എന്തോ അയച്ചിരിക്കുന്നു. മെസ്സേജ് തുറന്നുനോക്കിയ അവൾക്ക് മുഖത്താകെ ചൂടാനുഭവപ്പെട്ടു, ശരീരമാകെ തരിപ്പും തളരുന്നതുപോലെയും തോന്നി.

ഇശൽ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നു!

ഒന്ന് കരയാൻപോലും പറ്റാതെ അവൾ കട്ടിലിൽ ഇരുന്നു. തന്റെ ആറ് വർഷത്തെ കാത്തിരിപ്പ്… ഒരിക്കൽ പോലും തിരിച്ചറിയാതെപോയെ സ്നേഹം.
എല്ലാം അവളുടെ മനസിൽ തിരമാലപോലെ അലയടിച്ചപ്പോഴും അവൾ അയാൾക്ക് അയച്ച മെസ്സേജ്

“All the ബെസ്റ്റ്. “

ചോദിക്കാനും പറയാനും ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അവൾ അയാളോട് മറ്റൊന്നും തന്നെ പറഞ്ഞില്ല. ഒരാൾക്ക്, നമ്മൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അതിനേക്കാൾ മറ്റാരും അവരെ സ്നേഹിക്കില്ലന്നും അറിയാമെങ്കിലും തിരിച്ചു അത് തരാൻ കഴിയണമെന്നില്ലെന്ന് ഒരുപക്ഷേ അവൾ മനസിലാക്കിയതാവാം.

“മോളെ… നീ എന്നാടുക്കുവാ പഠിക്കുന്നില്ലേ നാളെ പരീക്ഷയ്ക്ക്‌..? “
അച്ഛൻ ചോദിച്ചു.

“പഠിക്കാൻ പോകുവാ അച്ഛാ… “

‘ആദ്യ ‘ യെന്ന പേരിട്ടത് അച്ഛനാണ്.
“ജീവിതത്തിൽ എപ്പോഴും ആദ്യമാവാനോ ആഗ്രഹിക്കുന്നതൊക്കെ കിട്ടുവാനോ പറ്റിയെന്നു വരില്ല. പക്ഷേ, നീ ഒരിക്കലും ഒന്നിലും തളരരുത്” അച്ഛന്റെ വാക്കുകളാണ്.

അവൾ മുഖം കഴുകി പുസ്തകമെടുത്ത് പഠിക്കാനിരുന്നു. തന്നിൽ വിശ്വാസം അർപ്പിച്ച് കൂടെനിൽക്കുന്ന അച്ഛനെയും മരിച്ചുപോയ അമ്മയെയും തോൽപ്പിക്കാൻ ആദ്യ തയ്യാറായിരുന്നില്ല.
ഹൃദയത്തിനുള്ളിലെ വേദനയുടെ മരവിപ്പിലും അവൾക്കിഷ്ടപ്പെട്ട അരണ്ട വെളിച്ചം ജനാലയിലൂടെ അവളെ തഴുകി അകന്നുപോയി…


Leave a Comment

Your email address will not be published. Required fields are marked *