ഉന്മാദികളുടെ രാജ്യം Poem by അരുൺ ഇ കരുണാകരൻ

ഉന്മാദികളുടെ രാജ്യം Poem by അരുൺ ഇ കരുണാകരൻ PEN by Aura.

ഉന്മാദികളുടെ രാജ്യം Poem by അരുൺ ഇ കരുണാകരൻ

ഇവിടെ
തൊണ്ട തൊടാതെ
വിഴുങ്ങിയ
പച്ചക്കള്ളങ്ങൾക്ക്,
ഏറ്റവും ഒടുവിലത്തെ
നിഘണ്ടുവിലെ,
അർത്ഥം കൽപ്പിക്കുന്നവർ
വാഴുന്നു.

നാം വരച്ചു ചേർത്ത ഭൂപടങ്ങളിൽ
അതിരുകളില്ലെന്ന്
ഓരോ കല്ലും
സാക്ഷ്യപ്പെടുത്തുന്നു.
വരി തെറ്റിയ ചുവടുകളുമായാണ്
ചരിത്രം നടക്കുന്നത്
അപ്പോൾ യഥാർത്ഥം എന്തെന്ന്
നിങ്ങൾ എങ്ങിനെ തീരുമാനിക്കും?.

ചുവരുകളിലെ കരിയോയിൽ മുദ്രകൾ
ചോര പുരണ്ട ജാതി പേരുകളെ
ഓർമ്മിപ്പിക്കുമ്പോൾ,
ഇവിടം പ്രണയിച്ചവരുടെ
കുഴിമാടത്തിലെ
ഇനിയും വാടാത്ത പൂക്കൾ
ഇത്,
ഉന്മാദികളുടെ രാജ്യമാണെന്ന്
സാക്ഷ്യപ്പെടുത്തുന്നു.

അകത്തളങ്ങളിൽ ഉയർന്നു
തുടങ്ങിയ
വിപ്ലവങ്ങളെ,
കോക്കറോച്ചുകളെന്ന് വിളിച്ചവരുടേതാണ്
ഇനിയുള്ള പ്രഖ്യാപനം.
അന്തിമ വിധിക്ക് ഇനി സാക്ഷികളില്ല
നേരവുമില്ല.

ഭരണഘടനയിലെ അക്ഷരങ്ങളെല്ലാം
സെൻസർ ചെയ്തയിടത്ത്,
നീതിയുടെ തുലാസിൽ
Who were the untouchable ന്റെ
പേജുകൾ തൂക്കി വിൽക്കപ്പെടുന്നു.

നീതി നിഷേധിക്കപ്പെട്ടവന്റെ
ഭാഷ
സമരമാണ്.

ദൂരെ നിന്നും
മുലപ്പാലിനു വേണ്ടി കരഞ്ഞ
കുഞ്ഞു വരെ
വിളിച്ചു പറയുന്നുണ്ട്,

ഉന്മാദികളുടെ രാജ്യം
വലിയൊരു കള്ളമാണ്.

Who were the untouchable : Dr. Br Ambedkar.


Leave a Comment

Your email address will not be published. Required fields are marked *