ദായമ്മക്കൈ:
ഉടൽ മാറ്റുന്നവരുടെ
ഉയിർ പറയുന്ന നോവൽ
പ്രശസ്ത കവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ ‘ദായമ്മക്കൈ’ എന്ന പ്രയോഗം വളരെ മനോഹരമായി കടന്നുവരുന്നുണ്ട്. “ദായമ്മക്കൈ നനഞ്ഞൊട്ടിയും തണുത്തുമിരിക്കട്ടെ…”ദായം’ എന്ന വാക്കിന് അമ്മ, ദയ എന്നൊക്കെ അർത്ഥതലങ്ങൾ ഉണ്ട്. എന്നാലിവിടെയോ..? ആൺ ശരീത്തത്തിൽ പെണ്ണിന്റെ മനസിനെ പേറി സമൂഹം എന്ന കൂട്ടം സമ്മാനിച്ചുകൊടുത്ത അപമാന ഭാരത്തിൽനിന്ന് കര കേറാനുള്ള അവസാന ഉപാധിയാണ് ‘ദായമ്മക്കെ.’
ആ ആചാരം നടത്തികൊടുക്കുന്നവർ അവർക്ക് അമ്മയായിരിക്കണം, അല്ലെങ്കിൽ അതേയളവിൽ വറ്റാത്ത സ്നേഹം നൽകുന്നവരായിരിക്കണം. തീർച്ചയില്ല. കാരണം ഈ ജീവിതങ്ങൾ നമ്മൾ അനുഭവിച്ചിട്ടില്ല.
കാലം പുരോഗമിച്ചു ഇന്ന് ഈ പുതിയ തലമുറ വാഴുന്ന ഘട്ടത്തിൽ എത്തിയിട്ടും ദേ “ആണും പെണ്ണും കെട്ടവൻ” അല്ലെങ്കിൽ ‘
“അവൻ പെണ്ണനാ” എന്നുപറയുന്ന എത്രയെത്ര ആൾകാർ ആണ് ഈ ലോകത്തിലുള്ളത്. ഭിന്നലിംഗക്കാർ നേരിടുന്ന വെല്ലുവിളികൾ കുറച്ചൊന്നുമല്ല. കടുത്ത സാമൂഹിക അവഗണന നേരിടുന്ന ഇവർ മാന്യമായ ജോലികൾ ലഭിക്കാത്തതിനാൽ ഭിക്ഷാടനത്തിലേക്കും ലൈംഗിക തൊഴിലിലേക്കും നിർബന്ധിതരാകുന്നു.കുടുംബങ്ങളും സുഹൃത്തുക്കളും പലപ്പോഴും ഒറ്റപ്പെടുത്തുന്നു. ഇന്നതിനൊക്കെ കുറച്ചൊക്കെ മാറ്റം വരുന്നുണ്ടെങ്കിലും അവരെന്നും പരിഹാസ പാത്രങ്ങൾ തന്നെയാണ്. അവരും മനുഷ്യരാണെന്നു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് സമൂഹത്തിലുള്ളൂ. അവർക്ക് തിന്നാനും കുടിക്കാനും കൊടുക്കുന്നത് നമ്മൾ അല്ലാത്ത പക്ഷം അവരുടെ കാര്യങ്ങളിൽ തലയിടേണ്ട കാര്യവും നമുക്കില്ല എന്നോരോരുത്തരും ചിന്തിക്കുന്ന കാലം ഉണ്ടാകട്ടെ.
“ദായമ്മക്കൈ” എന്ന നോവലിൽ നിസാർ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും ഞെട്ടലുണ്ടാക്കി. ദേവദാസിയടക്കം പല കാര്യങ്ങളും കേട്ടിട്ടുണ്ടെങ്കിലും പല പുസ്തകങ്ങളിലൂടെ അതൊക്കെ നിലനിൽക്കുന്ന സത്യങ്ങൾ ആണെന്ന് വീണ്ടും വീണ്ടും ആണയിട്ട് ഉറപ്പിക്കേണ്ടി വരുന്നു. സനൽതജ് ഉൾപ്പെടെ ശക്തമായ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഈ പുസ്തകം ഫിക്ഷൻ രൂപേണ ഇത്രയേറെ വായനക്കാരുടെ കൈയിൽ എത്തിച്ച എഴുത്തുകാരന്റേത് വിജയം തന്നെയാണ്. ഒരു ഹൃദയഭാരത്തോടെ ഇത് വായിച്ചവസാനിപ്പിച്ചു.
ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ ആണിന്റെ രൂപവും പെണ്ണിൻ്റെ മനസും ആയിക്കോട്ടെ. വരും കാലങ്ങളിൽ ആ പാവങ്ങളെ കൂടി ‘നിങ്ങൾ മനുഷ്യരല്ലേ’ എന്ന് പറഞ്ഞ് ചേർത്തുനിർത്താൻ നമ്മുടെ സമൂഹത്തിനു കഴിയട്ടെ.
