വിശ്വവിഖ്യാതമായ മൂക്കിന്റെ ഭൂപടംPoem by സരുൺ നാറാത്ത്
മുഖത്തെ വിഴുങ്ങിയ
ആ വിശ്വവിഖ്യാതമായ മൂക്ക്
ഞാനിപ്പോഴും പേറുന്നുണ്ട്,
ബഷീറിന്റെ പൊട്ടിച്ചിരികളിൽനിന്ന്
അടർന്നുപോയ
ഒരു മാംസപിണ്ഡം പോലെ.
കൂമൻകാവിൽ
രവിയുടെ ഏകാന്തതയിൽ
ഞാൻ ചെന്ന് തട്ടിനിന്നു.
രവി,
പുകച്ചുവിട്ട
സിഗരറ്റ് തുണ്ടുകൾക്കിടയിൽ
നാലപ്പാട്ടെ
ആമി വന്ന്
വിളക്കുവച്ചു.
അവിടെ പുകയുന്ന
ബീഡിക്കറയ്ക്കരികെ
മാധവിക്കുട്ടി
എനിക്ക്
നീർമ്മാതാളത്തിന്റെ
വിരിപ്പിട്ടു.
ആരുണോദയത്തിൽ
പുന്നയൂർക്കുളത്തുനിന്നും
ഞാൻ നേരേ നടന്നത്,
കുഞ്ഞബ്‌ദുള്ളയുടെ
സ്മാരക ശിലയിലേക്കാണ്.
പുനത്തിലിന്റെ
മേശപ്പുറത്ത്
എന്റെ വിശ്വവിഖ്യാതമായ മൂക്ക്
അഴിച്ചുവച്ചു.
മരുന്നിന്റെയും,
മദ്യത്തിന്റെയും മണമുള്ള
ആ വലിയ
ശിലകൾക്കിടയിൽനിന്ന്
അദ്ദേഹം
എന്റെ മൂക്കിന്
കുറുപ്പടി നൽകി.
ഇപ്പോൾ
വെള്ളിയാംങ്കല്ലിന്റെ നിഴലിൽ
മാഹിയുടെ ചുവന്ന
തെരുവുകളിലേക്ക് നോക്കി
തോണി കാക്കുന്നു…
അതിലൊരു
കവിത
ആറ്റുന്നു.

ONV യുടെ കവിത വായിച്ച അതേ Feel
Hats off Sarun Narath