മഴ Short story By ആൽബിൻ ടി. കുരുവിള
ചാറ്റൽ മഴയുണ്ട്… എന്നാലും ഒരൽപം ധൃതിവച്ചുകൊണ്ട് അവൾ വീട്
പൂട്ടിയിറങ്ങി, എല്ലാം എടുത്തുവെന്ന് മനസിലുറപ്പിച്ചു. വരാന്തയിലൊരു
മൂലക്കുവച്ചിരുന്ന കുടയെടുത്തുകൊണ്ട് അവൾ പുറത്തേക്കിറങ്ങി. ചാറുന്ന
മഴക്കൊപ്പം അവളും നടന്നു. ഇടവഴിയിൽനിന്നും മെയിൻ റോഡിലേക്ക് അവൾ
കയറി.
പായുന്ന വാഹനങ്ങൾ,
തിരക്കിനുമേൽ തിരക്കുള്ള മനുഷ്യർ,
കുതിർന്നുകിടക്കുന്ന നഗരം…
റോഡിന്റെ ഇടതുവശം ചേർന്ന് എന്തൊക്കെയോ ലക്ഷ്യമാക്കി അവൾ നടന്നു.
നടക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി പക്ഷെ,
ഭൂമിയെ കൊതിച്ചുവന്നൊരു തുള്ളി അതവളിൽനിന്നും ഏറ്റുവാങ്ങി, താഴേക്കു
വീണു. അവളൊരു ബുക്ക് സ്റ്റാളിൽ കയറി അവിടെ ഉണ്ടായിരുന്ന ഒരു സിമെന്റ്
ബെഞ്ചിൽ തന്റെ കുട വയ്ക്കുന്നതിനിടയിൽ മുൻപെങ്ങോ ഒരു
ബന്ധമുണ്ടായിരുന്നതുപോലെ അവിടെയൊന്നു തൊട്ടു. അപ്പോൾ
എവിടെനിന്നോ തണുപ്പ് അവളെ മുറുക്കിപിടിച്ചു. അവളുടെ കണ്ണ് നനയുവാൻ
തുടങ്ങുന്നുവെന്ന ചിന്ത അവളിലേക്ക് വരുന്നതിനു മുൻപേ അവൾ കണ്ണ്
തുടച്ചു ഒപ്പം ആ തണുപ്പവളെ വിട്ടുപോയി.
“എന്തുണ്ട് മോളെ വിശേഷം? ഇവിടേക്ക് കണ്ടിട്ട് കുറച്ചായല്ലോ..?”
തറയിലിരുന്നു പുത്തൻ സ്റ്റോക്കുകൾ അടുക്കിവക്കുന്നതിന്റെ ഇടയിൽ അയാൾ
സൗമ്യതയോടെ തലയുയർത്തി ചോദിച്ചു. കണ്ണ് തുടച്ചുവെന്ന്
ഉറപ്പിച്ചെങ്കിലും നെറ്റി തുടക്കുന്നുവെന്നു നടിച്ചുകൊണ്ട് അവൾ മറുപടി
പറഞ്ഞു:
“ഒന്നുമില്ല അങ്കിളേ… ഇടക്ക്… നാട്ടിൽ പോയിരുന്നു അതുകൊണ്ടാണ്…”
കള്ളം
പറയുമ്പോഴുണ്ടാകുന്ന സ്വര പതർച്ചയോടെ അവൾ പറഞ്ഞൊപ്പിച്ചു.
“രണ്ട് പേരും പെട്ടന്ന് വരാതെയായപ്പോൾ എന്തോ അത്യാവശ്യം ഉണ്ടായെന്നു
തോന്നി… മറ്റെയാൾ?”
അവളുടെ ഉള്ളിൽ വേദനകലർന്ന ഒരു മിന്നൽ പാഞ്ഞു. ഒരു ഹിമപാളി അവളിലേക്ക്
അലിഞ്ഞിറങ്ങി. അവൾക്കൊന്നു കരയണമെന്ന് തോന്നി പക്ഷെ, അവളുടെ
ഉള്ളറകളിൽ അവൾക്കേറ്റവും പ്രിയപ്പെട്ട ഒരു ശബ്ദം മുഴങ്ങി.
“എസ്തേ… നീ കരയുന്നത് എനിക്കിഷ്ടമല്ല കേട്ടോ…”
ആരോ അവളെ ചേർത്തുനിർത്തിയതുപോലെതോന്നി.
“അവൻ… അവൻ തിരികെ വന്നിട്ടില്ല.”
“എന്ന് വരും.”
വളരെ പ്രയാസപ്പെട്ട് അടുത്ത സ്റ്റോക്കുകളുടെ വള്ളി പൊട്ടിക്കുന്നതിന്റെ
ഇടയിൽ അയാൾ ചോദിച്ചു.
അവൾക്കിനി കഴിയില്ലായിരുന്നു. അയാളുടെ ചോദ്യം
കേൾക്കാത്ത മട്ടിൽ അവൾ പറഞ്ഞു.
“അങ്കിളേ കുറച്ച് തിരക്കുണ്ടേ… ഇന്ന് കോളേജിൽ സബ്മിറ്റ്
ചെയ്യണമായിരുന്നു.2570 ആയിരുന്നില്ലേ മൊത്തോം.”
മറുപടി പ്രതീക്ഷിച്ച അയാൾ അത് മറന്നുകൊണ്ട് കണക്കിലേക്ക് കടന്നു.
“അത്… ഒന്ന് നിക്കേ…”
അയാൾ ഇരുന്ന ഇരുപ്പിൽ തന്റെ പോക്കറ്റിൽനിന്നും ചെറിയ ഡയറിയെടുത്ത്
തന്റെ കണ്ണട ശരിയാക്കിക്കൊണ്ട് കുറച്ചധികം പിന്നിലേക്ക് മറിച്ചു
നോക്കിയിട്ട് പറഞ്ഞു.
“അല്ല മോളെ 2500റാണ്, 70 മറ്റേ ആളുടെയാണ്.”
കൃത്യമായി അയാൾ പറഞ്ഞു.
ഒന്നും അധികമായി പറയാനില്ലെന്ന ഭാവത്തിൽ അയാളുടെ മുഖത്തു നോക്കാതെ
2570രൂപ മേശപ്പുറത്തു വച്ചിട്ട് അവൾ വേഗത്തിൽ പുറത്തേക്കിറങ്ങി.
‘ഇതെന്താ
ഇങ്ങനെയെന്ന്’ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയെങ്കിലും
അടുക്കിവക്കുവാനുള്ള സ്റ്റോക്കുകളുടെയും ചെയ്തുതീർക്കുവാനുള്ള
ജോലികളുടെയും മധ്യത്തിൽ അദ്ദേഹമത് മായിച്ചുകളഞ്ഞു. അവളുടെ കുട
സ്റ്റാളിന്റെ സിമെന്റ് ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു, പക്ഷെ, അവളുടെ കൈയിൽ
കുടയുണ്ടായിരുന്നു…
‘അല്ല മോളെ 2500റാണ്, 70 മറ്റേ ആളുടെയാണ്.’
അയാളുടെ വാക്കുകൾ നെഞ്ചിടിപ്പിനൊപ്പം അവളിൽ മുഴങ്ങികൊണ്ടിരുന്നു.
‘ഈ മഴയയെനിക്ക് മാത്രമാണോ? അർദ്ധശ്വാസമായിരുന്നൊന്നിനെ പറിച്ചെടുത്തതിനുള്ള
ക്ഷമാപണമെന്നപോലാണോ..?’
അവളെറിയാതെ അവളുടെ മനം മഴയോട് കലഹിച്ചു. എന്നാൽ
ഒന്നിനുമൊരുത്തരമില്ലാതെ മഴ മൂകമായി കനത്തുകൊണ്ടിരുന്നു. അവൾ റോഡ്
മുറിച്ചുകടന്ന് വലതുവശത്തുള്ള പബ്ലിക് ലൈബ്രറിയിലേക്ക് കയറി. ബാഗ്
തുറന്നൊരു ബുക്കെടുത്തു, ശേഷം ബാഗടച്ചു, അടുത്തുള്ള ഷെൽഫിൽ വച്ചു. ഒപ്പം
അവിടെയുണ്ടായിരുന്ന കസേരയൊന്നിലിരുന്നു, കുടയടുത്തു വച്ചു. പെട്ടന്ന്
കാലാവസ്ഥയും അന്തിരീക്ഷവും അവളുമൊക്കെ മാറുന്നതുപോലെ തോന്നി. കുറെ
മഞ്ഞുമേഘങ്ങൾ അവളെ പൊതിഞ്ഞെടുത്തുകൊണ്ട് എവിടേക്കോ
കൊണ്ടുപോകുന്നതുപോലെ തോന്നി
‘എവിടേക്കുമല്ല.. അല്പം പിറകിലേക്കാണ്.’
ആരോ അവളുടെ ചെവിയിൽ മന്ത്രിച്ചു
“എസ്തേ വല്ലപ്പോഴും വായിക്കണം, പഠിച്ചാൽ മാത്രം പോരാ.”
നിശബ്ദം..!
അവൾ കേട്ട ശബ്ദത്തോട് എന്തൊക്കെയോ അവൾ ബാക്കിവച്ചതും പറയാൻ
കൊതിച്ചതുമൊക്കെ പറയണമെന്ന് തോന്നി, പക്ഷെ, അതൊക്കെ
പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെ താഴ്വരയിൽ ആരൊക്കെയോ ചേർന്ന്
വലിച്ചെറിഞ്ഞു.
പെട്ടന്നൊരു മിന്നൽ!
അവൾ തിരികെ വന്നു.
മഴ…
ലൈബ്രറി…
കസേര…
കുട…
അവൾ കസേരയിൽ നിന്നുമെഴുന്നേറ്റു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്മ്പിപ്പോയിരുന്നു. അത് കവിളിലൂടെ പുസ്തകത്തിൽ വീണിരിക്കുന്നു. അവൾ പെട്ടന്ന്
ആരൊക്കെയോ കണ്ടുവെന്ന തോന്നലിൽ ഒരു കൈകൊണ്ട് കണ്ണും മറു കൈകൊണ്ട് പുസ്തകവും തുടച്ചു. എല്ലാം ശരിയായെന്ന ചിന്തയിൽ അവൾ
പുസ്തകവുമായി ലൈബ്രേറിയന്റെ ടേബിളിലേക്ക് നീങ്ങി. അവിടെ പക്ഷെ, പരിചിത
മുഖമല്ലായിരുന്നു മറിച്ചൊരു പുതുമുഖം. അദ്ദേഹം എന്തൊക്കെയോ
കണക്കുകൂട്ടുകയായിരുന്നു.
ഇടക്ക് അതൊക്കെ ശരിയാവാത്തതിന്റെ ഭാവങ്ങൾ അയാളുടെ മുഖത്തുനിന്നും
വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
“സർ…”
സ്വയം വരുത്തിയൊരു മുഖഭാവത്തോടെ അവൾ ആ പുസ്തകം മേശപ്പുറത്തുവച്ചു.
സത്യത്തിൽ അപ്പോഴാണ് അയാൾ അവളെ ശ്രദ്ധിച്ചത്.
“ഹാ… റിട്ടേൺ ല്ലേ…”
അയാൾ താൻ ചെയ്തുകൊണ്ടിരുന്ന കണക്കിൽ നിന്നും പിന്മാറിക്കൊണ്ട് അവളോട്
ചോദിച്ചു.
“മ്…”
അതെയെന്നു പറയാൻ തോന്നിയെങ്കിലും അവളൊന്നു മൂളുക മാത്രം ചെയ്തു.
“വേണുസാറിന്റെ ടൈമിൽ എടുത്തതാണ് ല്ലേ… സാറ് 3 മാസത്തേക്കിനി ലീവാ,
ഞാൻ വന്നിട്ട് 6 ദിവസായേള്ള്. കൊറേ പണികള് കെടക്കുവാന്നെ… ഇതൊക്കെ
എന്ന് ചെയ്യാൻ.”
കണക്കുകളിൽ കുഴങ്ങികിടന്നിരുന്ന അദ്ദേഹം പെട്ടന്നൊരാളെ കണ്ടപ്പോൾ
തന്റെ അതിഭാരങ്ങളുടെ കെട്ടഴിക്കുവാൻ തുടങ്ങി. അവൾ അവിടെയൊരു ശബ്ദംപോലും കേൾക്കുന്നില്ലെന്ന മട്ടിൽ നിന്നു.
അയാൾ തലതിരിഞ്ഞുകിടന്ന ആ പുസ്തകമെടുത്ത് നേരെയാക്കി നോക്കി
“ജെന്നിക്ക് സ്നേഹപൂർവ്വം മാർക്സ്… എ പത്മനാഭൻ… ല്ലേ നമ്പർ…. ഹ്മ്മ്മ്…”
എന്തൊക്കെയോ മൂളി, ബുക്കിന്റെ നമ്പർ പരിശോധിച്ച ശേഷം റിപ്പോർട്ട്
ബുക്കിന്റെ ഒന്ന് രണ്ട് താളുകൾ മറിച്ചു ഒടുക്കം കമ്പ്യൂട്ടർ സ്ക്രീനിലേക്ക്
കണ്ണോടിച്ചുകൊണ്ട് ചോദിച്ചു:
“ഫെലിക്സ് ഡേവിഡാരാ..?”
ഒരു നിമിഷം
അവളുടെ ശരീരം തണുത്തുമരവിച്ചു ആയിരം കഷ്ണങ്ങളായി
പൊട്ടിചിതറുന്നപോലെ തോന്നി ഇനിയൊരു നിമിഷംപോലും തനിക്കവിടെ
നിൽക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവുൾക്കൊണ്ട് അവൾ തിരിഞ്ഞുനടന്നു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അയാൾ മിഴിച്ചുനിന്നു. തിരികെ
നടക്കുമ്പോൾ വല്ലാത്തൊരു ഭാരം വഹിക്കുന്നതുപോലെ അവൾക്ക് തോന്നി.
എവിടെയും നോക്കാതെ ഷെൽഫിൽനിന്നും തന്റെ ബാഗെടുത്തുകൊണ്ടവൾ
പുറത്തിറങ്ങി. തന്റെ കുട ആ കസേരയിൽ ഉണ്ടായിരുന്നു. പക്ഷേ അവളുടെ കൈയിൽ
കുടയുണ്ടായിരുന്നു.
എന്തെന്നില്ലാത്ത ഭാരത്തോടെ അവൾ അതിവേഗം നടന്നുകൊണ്ടിരുന്നു
മഴയവളുടെ ഭാരമേറ്റെടുക്കുന്നതുപോലെ അവൾക്കു തോന്നി.
‘പ്രായശ്ചിത്തമാണോ?’
അവൾപോലുമറിയാതെ വീണ്ടും അവളുടെ മനം മഴയോട് ചോദിച്ചു.
അവൾ റോഡിൽ ഒരുവശം ചേർന്നുകൊണ്ട് ഇടത്തേക്ക് തിരിഞ്ഞു.
കുന്നുപോലെയോരിടം,ഒരു കയറ്റം കയറിചെന്നാൽ കോളേജിന്റെ വലിയ
കവാടം. അവൾ അകത്തേക്ക് കയറിച്ചെന്നു. ഒരു പതിഞ്ഞ പാട്ടിന്റെ ഈരടികൾ
എവിടെയോ മുഴങ്ങികേട്ടു, ഒപ്പം പൊലിഞ്ഞുപോയ ചില ഓർമകൾ പേറിയുള്ള
കാറ്റിന്റെ ഗന്ധവും. അവൾ പല വഴികൾ പിന്നിട്ടുകൊണ്ട് നടന്നു. അവളുടെ
ഡിപ്പാർട്മെന്റിന്റെ താഴെയെത്തി. മൂന്ന് നില കെട്ടിടം. അതിന്റെ ഒരു വശത്ത്
മുകളിലേക്കുള്ള പടിക്കെട്ടുകളും അതിനോട് ചേർന്ന് ഇരുപാളി
ജനാലയും, മറുവശത്തു വിശാലമായ വരാന്ത, അതിനോട് ചേർന്ന് നിരവധി
ക്ലാസ്സ്മുറികൾ. അവൾ ജനാലയുടെ അടുത്തേക്ക് ചെന്നു അതിന്റെ കട്ടിളയിൽ
കുടവച്ചു. ആരെയോ കാത്തിരിക്കുംവണ്ണം പുറത്തേക്കുനോക്കി അവിടെ ചാരി
നിന്നു.
“എസ്തേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്.”
അവളവിടെ വീഴുന്നതായി തോന്നി ഒരുതരം തണുപ്പും നോവുമുള്ള നീറ്റൽ
അവളിലുണ്ടായി പക്ഷെ, വീഴുന്നതിനു മുൻപേ തന്നെ ആരോ താങ്ങുന്നതായും
അവൾക്ക് തോന്നി, അത് തനിക്ക് പരിചിതമായ കൈകളാണെന്നവൾ
മനസിലാക്കുമ്പോൾ തന്നെ അടുത്ത നിമിഷം
‘ട്രീങ്ങ്…’
ബെല്ലടിക്കുന്നു, ഒരു പീരിയഡവസാനിച്ചിരിക്കുന്നു. അവൾ ജനാലയിൽനിന്നും
കയ്യെടുത്തുകൊണ്ട് പടിക്കെട്ടുകൾ കയറാൻ തുടങ്ങുന്നു. ഓരോന്നിലായി
കാലെടുത്തു വയ്ക്കുമ്പോഴും ഒരായിരം നുറുങ്ങുന്ന ഓർമ്മകൾ അവളിലേക്ക്
ഇരച്ചുകൊണ്ടിരുന്നു. ഒടുക്കമവൾ ഡിപ്പാർട്മെന്റിലെത്തി,അരവാതിൽ തുറന്ന്
അകത്തേക്ക് നോക്കി. അവിടെയുള്ള കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു
ഒന്നൊഴികെ
“എന്താ..?”
എന്തോ വായിച്ചുകൊണ്ടിരുന്ന പുതിയൊരധ്യാപിക അവളുടെ മുഖത്തേക്ക്
നോക്കി ചോദിച്ചു.
“സബ്മിറ്റ് ചെയ്യാൻ…”
അത്രമാത്രം അവളിൽ നിന്നും പുറത്തുവന്നു.
“ആരുടേയാണ്..?”
“നിത്യാ മിസ്സ്.”
“ഹാ… മിസ്സ് അത്യാവശ്യമായി ഒരു മീറ്റിംഗിൽ പോയതാ, ഇത്രയും സമയം
ഇവിടെയുണ്ടായിരുന്നു, അതവിടെ വച്ചോളൂ.”
മൂലയിലുള്ള മേശയിലേക്ക് കൈ ചൂണ്ടികൊണ്ടവർ കൂട്ടിച്ചേർത്തു. ശേഷം അവർ
വായനയിലേക്ക് പ്രവേശിച്ചു. അവൾ ചെന്ന് തന്റെ ബാഗ് തുറന്ന് ഫയലെടുത്ത്
മൂലക്കുള്ള ഗ്ലാസ് മേശയിൽ വച്ചു. വേറെ ഒരുപാട് ഫയലുകളും ഒപ്പമടുത്ത്
തുറന്നുവച്ചൊരു റിപ്പോർട്ട് ബുക്കുമുണ്ടായിരുന്നു.ഒരു വശത്ത് പേരുകളും മറു
വശത്തൊരു ചുവന്ന ശരിയും. പക്ഷേ അവളുടെ പേരിന്റെ വശത്തില്ലായിരുന്നു.
ഒപ്പം മറ്റൊരു പേരിന്റെയും.
“മിസ്സ് വരുമ്പോൾ ഞാൻ പറയാം, അല്ലാതെ വേറെന്തെങ്കിലുമുണ്ടോ..?”
വായനയിൽനിന്നോ അല്ലെങ്കിൽ അവളുടെ സാന്നിദ്ധ്യം കൊണ്ടോ ഒരസ്വസ്ഥത
തോന്നിയിട്ട് അവർ ചോദിച്ചു.അധികം നിൽക്കാതെ അവരുടെ മുഖത്തുനോക്കി
ഇനിയൊന്നുമില്ലെന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ട് അവൾ പുറത്തേക്ക്
പോയി.പടിക്കെട്ടുകളിറങ്ങിയവൾ വരാന്തയിലെത്തി പുറത്തേക്കിറങ്ങിയപ്പോൾ
മഴ തോർന്നിരിക്കുന്നതായി കണ്ടു. അവളുടെ കുട ആ ജനാലപടിയിൽ
ഇരുപ്പുണ്ടായിരുന്നു. അവൾ പുറത്തേക്കിറങ്ങി നടക്കുമ്പോൾ അവൾക്കൊരു
ശൂന്യത അനുഭവപ്പെടുകയുണ്ടായി. കോളേജും, കവാടവുമൊക്കെ പിന്നിട്ടു ഒടുക്കം
ബസ് സ്റ്റോപ്പിലെത്തി. അൾപസമയത്തിനകം ബസ് വന്നു, കയറി.
ഒരുപാട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അവൾ പിറകിലൊരു
സീറ്റിലിരുന്നു. അവൾ വല്ലാതെ ഉലഞ്ഞുതുടങ്ങി അവൾക്കിനി അതിന്
കഴിയില്ലെന്ന് തോന്നി. അവൾ മടിയിൽ വച്ച തന്റെ ബാഗ് തുറന്ന് കുടയെടുത്തു
അവൾ ചൂടിയ. സിമെന്റ് ബെഞ്ചിൽ വച്ച… കസേരയിൽ വച്ച… ജനൽ പടിയിൽ
വച്ച…. അതേ കുട..! അവൾ തന്റെ ബാഗിലേക്ക് തല താഴ്ത്തി, കുട
കെട്ടിപ്പിടിച്ചു. എല്ലാ നിയന്ത്രണങ്ങളും തകർത്തുകൊണ്ട് അവൾ
പെയ്യ്തു. കരഞ്ഞു ചിന്നിതെറിച്ച തുള്ളികളിൽനിന്ന് സിമെന്റ് ബെഞ്ചിലും
കസേരയിലും ജനൽ പടിയിലും ഒരു പ്രത്യേകതരം വലയം രൂപപ്പെട്ടു. അതൊരു
മനുഷ്യരൂപമായി തീർന്നു. അതിന് അവൾക്കേറ്റവും പ്രിയപ്പെട്ടൊരാളുടെ
മുഖമായിരുന്നു…
