റൂഹ് Book Review By മൈസൂന ഹാനി
പ്രിയ സുഹൃത്ത് മാത്യുവിന്റെ ആദ്യ പുസ്‌തകം എന്ന് പറയുന്നതിലുപരി മാത്യുവിന്റെ സ്വപ്‌പ്നം എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ആമുഖം മുതൽ അവസാന താളുവരെ എന്നെ പിടിച്ചിരുത്തി വായിപ്പിച്ച പുസ്‌തകമാണ് ‘റൂഹ്.’ മികച്ചൊരു വായനക്കാരനായാണ് ഞാൻ മാത്യുവിനെ അറിയുന്നത്. സിനിമയാണ് സ്വപ്‌നമെന്നറിഞ്ഞത് പിന്നീടാണ്. സിനിമാ മോഹിയായൊരു ചെറുപ്പക്കാരൻ നിധിപോലെ കാത്തുസൂക്ഷിച്ച തിരക്കഥകൾ പ്രിയപ്പെട്ടവരുടെ അഭിപ്രായ പ്രകാരം ഒരു പുസ്തകമായി പരിണമിച്ചു. പക്ഷെ, എനിക്കിതൊരു പുസ്‌തകമല്ല ഒരു സിനിമയാണ്. വലിയൊരു തിരശ്ശീലയിൽ സന്തോഷിച്ചും സങ്കടപ്പെട്ടും ചിരിച്ചും കരഞ്ഞും ഞാൻ കണ്ടാസ്വദിച്ചൊരു സിനിമ. ഇതിലെ കഥാപാത്രങ്ങളോരോന്നും നമ്മുടെ ആരൊക്കെയോ ആണല്ലോയെന്ന് തോന്നിപ്പോകും.
കഥാസന്ദർഭങ്ങളോരോന്നും വല്ലാതെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് വഴിത്തിരിവുകൾ കുറേ സംശയങ്ങളെ ജനിപ്പിക്കും. ഡോക്ടർ ഇട്ടിയും കൂട്ടരും അവരുടെ ലോകവും മാത്രമാകും നമ്മുടെ കൂടെ. ‘മാർത്ത’ എന്നൊരു ഏദൻ തോട്ടമുണ്ട്, വിളഞ്ഞു പാകമെത്തിയ കിട്ടാക്കനികളുള്ളൊരു തോട്ടം. നമ്മൾ അവിടെയങ്ങനെ കുടുങ്ങിക്കിടക്കും പുറത്തുകടക്കാൻ പറ്റാത്ത വിധം.
കഥയിൽ അസാധാരണമായൊരു പ്രണയമുണ്ട്, പരമോന്നതിയിൽ നിൽക്കുന്ന സൗഹൃദങ്ങളുണ്ട്, കുടുംബ ബന്ധങ്ങളുണ്ട്, പുതിയ ചുവടുവപ്പുകളുണ്ട്, വിടപറച്ചിലിന്റെ വേദനയുണ്ട്, വിട്ടുപിരിഞ്ഞവരുടെ മരണമില്ലാത്ത ഓർമകളുണ്ട്, പിറവിയുടെ ആനന്ദമുണ്ട്, കുറേ ജീവിതങ്ങളുണ്ട്. അതെ വ്യത്യസ്‌ത ജീവിതങ്ങൾ ജീവിക്കുന്ന കുറേയധികം മനുഷ്യരുടെ കഥയാണിത്. ഒരുപാടുപേരുടെ റൂഹാണിത്.
