മാസങ്ങളോളം തനിക്കുള്ളിൽ വളർത്തിയെടുത്ത് നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ കൊന്നുകളയാൻ ഒരമ്മക്ക് സാധിക്കുമോ? അങ്ങനെ കൊന്നിട്ട് യാതൊരു കൂസലുമില്ലാതെ ഈ സമൂഹത്തിൽ ജീവിക്കാൻ?
മാതൃത്വത്തെ നാം എപ്പോഴും വല്ലാതെ മഹത്വവൽക്കരിക്കാറുണ്ട്. അമ്മ ദൈവമാണ്, സ്നേഹത്തിന്റെ അവസാന വാക്കാണ്, കാരുണ്യത്തിന്റെ മൂർത്തഭാവമാണ് എന്നൊക്കെയുള്ള അതിശയോക്തികൾക്കിടയിൽ, ഗർഭപാത്രത്തിൽനിന്ന് ഒരു ജീവൻ പറിച്ചെടുക്കപ്പെടുമ്പോൾ ഒരു സ്ത്രീയുടെ ശരീരവും മനസും കടന്നുപോകുന്ന ഭീകരമായ മാറ്റങ്ങളെ നാം പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നു.
പ്രസവമുറിയിലെ വേദനക്ക് ശേഷം അവൾ അനുഭവിക്കുന്ന ഉറക്കമില്ലായ്മ, ഹോർമോൺ വ്യതിയാനങ്ങൾ, എന്ത് ചെയ്യണമെന്നറിയാത്ത പകപ്പ്… ഇതെല്ലാം സ്വാഭാവികമാണെന്ന് പറഞ്ഞ് പൊതുവേ നാമതൊക്കെ തള്ളിക്കളയുന്നു.
കുഞ്ഞിന് പാല് കിട്ടുന്നുണ്ടോ?
കുഞ്ഞുറങ്ങിയോ?
കുഞ്ഞ് സുഖമായിരിക്കുന്നോ?
എന്നൊക്കെ ചോദിക്കുന്നവർക്കിടയിൽ
കുഞ്ഞിന്റെ അമ്മ ഉറങ്ങിയോ?
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
എന്ന് ചോദിക്കുന്ന എത്ര പേരുണ്ട് നമുക്ക് ചുറ്റും?
പോസ്റ്റ് പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദരോഗം എന്നത് ഒരു യാഥാർത്ഥ്യമാണ്. ചിലരിലത് ഭീകരമായ ‘പോസ്റ്റ് പാർട്ടം സൈക്കോസിസ്’ ആയി മാറുകയും ചെയ്യുന്നു. താൻ എന്തിനാണ് കരയുന്നതെന്ന് പോലുമറിയാതെ, കുഞ്ഞിനെ നോക്കാൻ തനിക്ക് പ്രാപ്തിയില്ലെന്ന അപകർഷതാബോധത്തിൽ, ചുറ്റുമുള്ളവർ തന്നെ കുറ്റപ്പെടുത്തുകയാണെന്ന തോന്നലിൽ ഒറ്റപ്പെട്ടുപോകുന്നവരാണ് പല അമ്മമാരും. ചിന്തകളുടെ സമനില തെറ്റുന്നത് അപ്പോൾ മുതലാണ്. ആ സമയത്ത് അവൾക്കൊരു താങ്ങായി, മാനസികമായ ഒരു പിന്തുണയായി അവളുടെ ഭർത്താവോ കുടുംബമോ സമൂഹമോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
വാർത്തകളിൽ പെറ്റമ്മ കുഞ്ഞിനെ കൊന്നു എന്ന് കേൾക്കുമ്പോൾ ഞാൻ ആ അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. അവൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ തിരിച്ചറിയാൻ, അവളെ ഒന്ന് ചേർത്തുപിടിച്ച് കേൾക്കാൻ, ഒരു ഡോക്ടറുടെ സഹായം ഉറപ്പാക്കാൻ അവളുടെ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ആ കുഞ്ഞും ആ അമ്മയുടെ ജീവിതവും നഷ്ടപ്പെടില്ലായിരുന്നു.
പൊതു സമൂഹത്തിന്റെ അറിവില്ലായ്മയും അവഗണനയും മൂലം ഇനിയുമൊരു അമ്മയും കുഞ്ഞും ഇല്ലാതാകരുത് എന്ന ചിന്തയിൽ പിറവിയെടുത്തതാണ് തൃതീയം വധു എന്ന നോവൽ. വെറും ഭാവനയല്ല ഈ കഥ. കണ്ടില്ലെന്ന് നടിച്ചാൽ നമ്മുടെയൊക്കെ വീടുകളിലും സംഭവിച്ചേക്കാവുന്ന വലിയൊരു ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഓരോ അമ്മയും ചേർത്തുപിടിക്കപ്പെടേണ്ടവളാണ്; പ്രത്യേകിച്ച് അവൾ ഏറ്റവും ദുർബലയായിരിക്കുന്ന പ്രസവാനന്തര നാളുകളിൽ.
ഇപ്പോഴും തുടർച്ചയായി പിഞ്ചു കുഞ്ഞുങ്ങളുടെ മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിന് കാരണക്കാരി അമ്മയാണെങ്കിൽ, അതിന് പുറകിൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന ഭീകരമായ അവസ്ഥയാണെങ്കിൽ ഉറപ്പായും അത്തരം അമ്മമാരെ സമൂഹം കല്ലെറിഞ്ഞ് കൊല്ലാതെയെങ്കിലുമിരിക്കട്ടെ. ഇത്തരം രോഗാവസ്ഥയിലേക്ക് പോകാതെ ഓരോ അമ്മമാരെയും പ്രിയപ്പെട്ടവർ സ്നേഹത്തോടെയും കരുതലോടെയും ചേർത്ത് പിടിക്കട്ടെ.
തൃതീയം വധു അത്തരത്തിൽ സമൂഹത്തിന് ആഴത്തിലുള്ള ഒരു ഉൾക്കാഴ്ച പകർന്നു നൽകട്ടെ..
സ്നേഹപൂർവ്വം
