ഖൈർലാഞ്ചി Poem By അരുൺ സമുദ്ര

ഖൈർലാഞ്ചി Poem By അരുൺ സമുദ്ര

ഖൈർലാഞ്ചി Poem By അരുൺ സമുദ്ര

രാജാവ് പഴയതുപോലെ,
രാജ്യവും പഴയതുപോലെ

നമ്മളിപ്പോഴുമുള്ളത്,
മുൻപൊരു രാജാവിനാൽ
മൂക്കും മുലയും
അറുത്തുമാറ്റപ്പെട്ട രാജ്യത്താണ്.

അറുത്തു മാറ്റിയും
കൊന്നുതള്ളിയും
ഭരിക്കപ്പെടുമ്പോൾ
കളകേറുന്ന പാടവരമ്പിൽ
നിസ്സഹായതയുടെ വ്രണം-
പൊട്ടിപ്പഴുത്ത കാലുമായിന്ന്
ഒരാൾ വേരറ്റ് നിൽക്കുന്നു.

കൈക്കോടാലി പിളർന്ന
മക്കളുടെ നെഞ്ചിൻകൂടിലേക്ക്
നിരതെറ്റാതെ കയറുന്ന
ഉറുമ്പിൻ കൂട്ടങ്ങളെക്കണ്ട്,
കൂടത്തിനടിച്ചു ചിതറിച്ച
തലച്ചോറുണ്ണുന്ന
പൊടിക്കാറ്റിനെ തൊട്ട്,
അറുത്തെറിഞ്ഞ നാക്ക്
ലക്ഷ്യം വയ്ക്കുന്ന
പരുന്തിൻ കണ്ണിലയാൾ
തുടലുപൊട്ടിയൊരു രാജ്യത്തിൻ്റെ
പല്ലിലെ ചോരക്കറ കാണും.

ആക്രോശങ്ങളുടെ രാജ്യമേ
ആൾക്കൂട്ടങ്ങളുടെ രാജ്യമേ
ആയുധങ്ങളുടെ രാജ്യമേ
നീ രാകി മിനുക്കിയെടുത്ത
വായ്ത്തലയിൽനിന്ന്
അറ്ററ്റു വീഴാനിനി
ഞങ്ങൾക്ക് മനസ്സില്ല.

ചോദിക്കാനൊരൊച്ച ഉയിർക്കും.
സകല വഴികളെയും വെട്ടിത്തുറന്ന്
നിന്നെയുടച്ച് നയിക്കാൻ
അത് വരുന്നുണ്ട്.


5 thoughts on “ഖൈർലാഞ്ചി Poem By അരുൺ സമുദ്ര”

  1. അറുത്തു മാറ്റിയും
    കൊന്നുതള്ളിയും
    ഭരിക്കപ്പെടുമ്പോൾ
    കളകേറുന്ന പാടവരമ്പിൽ
    നിസ്സഹായതയുടെ വ്രണം-
    പൊട്ടിപ്പഴുത്ത കാലുമായിന്ന്
    ഒരാൾ വേരറ്റ് നിൽക്കുന്നു.

    കൈക്കോടാലി പിളർന്ന
    മക്കളുടെ നെഞ്ചിൻകൂടിലേക്ക്
    നിരതെറ്റാതെ കയറുന്ന
    ഉറുമ്പിൻ കൂട്ടങ്ങളെക്കണ്ട്,
    കൂടത്തിനടിച്ചു ചിതറിച്ച
    തലച്ചോറുണ്ണുന്ന
    പൊടിക്കാറ്റിനെ തൊട്ട്,
    അറുത്തെറിഞ്ഞ നാക്ക്
    ലക്ഷ്യം വയ്ക്കുന്ന
    പരുന്തിൻ കണ്ണിലയാൾ
    തുടലുപൊട്ടിയൊരു രാജ്യത്തിൻ്റെ
    പല്ലിലെ ചോരക്കറ കാണും.
    ❤️❤️ഗംഭീരം അരുൺ ❤️❤️

  2. ചോദിക്കാനൊരൊച്ച ഉയിർക്കും.…
    ഖൈർലാഞ്ചി പോലെ ….
    സമുദ്രപോലെ……

  3. ചോദിക്കാനൊരൊച്ച ഉയിർക്കും.
    സകല വഴികളെയും വെട്ടിത്തുറന്ന്
    നിന്നെയുടച്ച് നയിക്കാൻ
    അത് വരുന്നുണ്ട്. ….

  4. ചരിത്രം
    നടപ്പുയാഥാർഥ്യത്തിൽ നിന്ന്
    വരുംകാലത്തെ നോക്കുന്ന
    എഴുത്ത്
    👍

Leave a Comment

Your email address will not be published. Required fields are marked *